കൊച്ചി:‘കുറെയേറെ പിടിച്ചു നിന്നു. സത്യത്തിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ പക്ഷേ ഇപ്പോൾ ചോർന്നുപോകുന്നു’ തെറ്റിദ്ധാരണ പടർത്തി തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ പരിധിവിട്ടു തന്നെ മാനസികമായി തളർത്തുന്നുവെന്ന് നടനും നിർമാതാവുമായ ജോജു ജോർജ്. ‘ഒരു പ്രശ്നം കാണുമ്പോൾ മിണ്ടാതിരിക്കാൻ അറിയില്ല. അങ്ങനെ ചെയ്തിട്ടുമില്ല. ഇന്നാട്ടിൽ ജനിച്ചു വളർന്നു ജീവിക്കുന്നയാളാണ് ഞാനും. സ്വാഭാവിക പ്രതികരണമാണ് അന്നുണ്ടായത്. അന്നു തുടങ്ങിയതാണ് ഈ വിധമുള്ള ദുഷ് പ്രചരണങ്ങൾ.’
എൽഡിഎഫിന്റെ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്തെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യവസ്ഥ വിശദീകരിക്കുകയായിരുന്നു ജോജു ജോർജ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം സംവിധായകൻ ലാൽ ജോസിന്റെ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി എത്തിയതാണെന്നും അവിടേക്ക് യാദൃച്ഛികമായെത്തിയ വിനായകനെ കണ്ടപ്പോൾ സൗഹൃദം പങ്കിട്ട നിമിഷങ്ങൾ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പ്രചരിക്കപ്പെട്ടതാണെന്നും ജോജു വെളിപ്പെടുത്തി.
ജോജുവിന്റെ വാക്കുകൾ: ‘ഉറ്റചങ്ങാതിയെ പെട്ടന്നു കണ്ടതിന്റെ സന്തോഷത്തിൽ ഓടിവന്നതാണ്. വിനായകൻ എന്റെ ഏറ്റവും അടുത്തസുഹൃത്താണ്. തമ്മിൽ കാണുമ്പോൾ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാൾ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്.’
ആ സൗഹൃദത്തിന്റെ തുടർച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. ലാൽജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയാണ് ഇത് സംഭവിക്കുന്നത്. രാവിലെ പത്ത് മണി മുതൽ ഞാൻ അവിടെ ഷൂട്ടിലുണ്ട്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ ആക്സമികമായി കണ്ടു. ആ സന്തോഷത്തിൽ ഓടിച്ചെന്നു. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല.
അതിനെയാണ് ചിലർ വീണ്ടും വളച്ചൊടിച്ചത്. ഞാൻ ധരിച്ചത് ചുവപ്പ് ഷർട്ട് ആണെന്നു പറഞ്ഞ് അവിടെയും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു. ഈ സിനിമയിൽ ഞാനൊരു പൊലീസുകാരനാണ് അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ഞാൻ അപ്പോൾ. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്.
വർഷങ്ങളോളം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച് ആത്മാർഥമായി കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് ഞാൻ. അങ്ങനെ ഒരാൾ ഒരു പാർട്ടിക്കു വേണ്ടി ഇതുപോലെ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ? ഒരു പാർട്ടിയുടെയും ആളല്ല ഞാൻ. എനിക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരിലല്ല ഈ പീഡനം. നിശബ്ദനായി ഇരിക്കാൻ എനിക്ക് അറിയില്ല. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ചെയ്യുന്ന സാധാരണ മനുഷ്യന്‍ തന്നെയാണ് ഞാനും. കുറെയേറെ പിടിച്ചു നിന്നു. സത്യത്തിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമൊക്കെ പക്ഷേ ഇപ്പോൾ ചോർന്നുപോകുന്നു.
വിനായകനെ കണ്ടപ്പോൾ എന്റെ സന്തോഷം പ്രകടിപ്പിച്ചത് അങ്ങനെയാണ്. എന്റെ സുഹൃത്തിനെ കണ്ടപ്പോൾ കണ്ടില്ലെന്ന് നടിച്ച് അങ്ങോട്ട് പോകാതിരിക്കണമെന്നാണോ ഇവർ പറയുന്നത്. എന്റെ വഴികൾ ഇങ്ങനാണ്. അവിടെ വിനായകൻ എന്നെ സുഹൃത്തിന്റെ സാന്നിധ്യം ഇല്ലാതെയാണ് നിങ്ങൾ എന്നെ കണ്ടിരുന്നതെങ്കിൽ അതിൽ ന്യായമുണ്ട്. പക്ഷേ ഇത് വ്യക്തിഹത്യയാണ്.
ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്ന് വന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ് ‘ചുരുളി’. ആ സിനിമയുമായി ബന്ധപ്പെട്ടും എനിക്കെതിരെ വിവാദങ്ങൾ ഉണ്ടായി. ഇപ്പോൾ ഇതും. ആളുകളെ എനിക്കെതിരെ തിരിക്കുക എന്നതാകും ഇവരുടെ ഉദ്ദേശം. മാനസികമായിപോലും തളർത്തുന്ന അവസ്ഥ. സത്യത്തിൽ എന്ത് തെറ്റാണ് ഞാൻ ചെയ്തത്,’ ജോജു ചോദിക്കുന്നു.