തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ലൗ ജിഹാദ് പരാമര്‍ശം ആവര്‍ത്തിച്ച വി മുരളീധരന് അതേ വേദിയില്‍ തന്നെ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപിയും നജീബ് കാന്തപുരം എംഎല്‍എയും. ക്രൈസ്തവ പെണ്‍കുട്ടികളെ നിര്‍ബന്ധിത മത മാറ്റം നടത്തുന്നുയെന്ന് ആരോപിക്കാന്‍ സഭയ്ക്ക് അവകാശമുണ്ടെന്ന മുരളീധരന്റെ പരാമര്‍ശത്തിനാണ് ബ്രിട്ടാസും നജീബ് കാന്തപുരവും മറുപടി നല്‍കിയത്.
മുരളീധരന്‍ പറഞ്ഞത്: ”കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസിന്റെ രഹസ്യറിപ്പോര്‍ട്ടുകളുണ്ടെന്നാണ് പറയുന്നത്. ക്രൈസ്തവരായ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ശക്തികള്‍ നടത്തുന്നുണ്ടെന്ന് സഭാ നേതൃത്വം അല്ലാതെ വേറെ ആര് പറയും.”
മുരളീധരന്റെ പരാമര്‍ശത്തിന് ബ്രിട്ടാസ് നല്‍കിയ മറുപടി: ”വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലേക്ക് നമുക്ക് ഒരു കാരണവശാലും പോകാന്‍ കഴിയില്ല. അത്തരമൊരു നീക്കങ്ങളിലേക്ക് ഒരു തരത്തിലും ഏത് ജിഹാദിന്റെ പേരിലാണെങ്കിലും പാംപ്ലാനി പിതാവ് കൂട്ടുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഉറപ്പ് നല്‍കുകയാണ്. ആട്ടിന്‍ തോലിട്ട് ചെന്നായിക്കളായി വരുന്നവരെ കരുതിയിരിക്കണം. ഉത്തരേന്ത്യന്‍ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലയെ ഈ ഭൂമിയില്‍ പ്രവേശിപ്പിക്കരുത്. ആര് വേദിയില്‍ വന്ന് പറഞ്ഞാലും അത് പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷിയെ മറന്ന് മുന്നോട്ട് പോകാനാകില്ല. വെറുപ്പും വിദ്വേഷവും പ്രതിരോധിക്കാനുള്ള നന്മയാണ് കേരളം ലോകത്തിന് പറഞ്ഞുകൊടുത്തത്. ”
ഗാന്ധിയെ കൊന്നവര്‍ സാഹോദര്യം പറയുന്ന കാലമാണിതെന്ന് നജീബ് കാന്തപുരം പറഞ്ഞു.”ഇന്ത്യയിലെ വര്‍ഗീയവാദികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സമുദായം കൂടിയാണ് ക്രിസ്തീയ സമുദായമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ പടച്ചുവിടുന്ന ലൗ ജിഹാദ് പോലെയുള്ള ഏറ്റവും അപകടകരമായ ആയുധങ്ങളില്‍ സമുദായം ഇടറി വീഴാതിരിക്കാനുള്ള കാവല്‍ക്കാരനായി പിതാവിന് നിലകൊള്ളാന്‍ കഴിയട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”