ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമതെത്തി ജിയോ. ഈ നവംബറിലെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമത് എത്തിയത്. ജിയോയുടെ ഡൗൺലോഡ് വേഗം സെക്കൻഡിൽ 20.8 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. എന്നാൽ ട്രായിയുടെ കണക്കുകൾ അനുസരിച്ച് വോഡഫോൺ ആണ് അപ്ലോഡ് വേഗത്തിൽ മുന്നിൽ.
വോഡഫോണിന്റെ അപ്ലോഡ് വേഗം 6.5 എംബിപിഎസ് ആണ്.വോഡഫോൺ, ഐഡിയ സെല്ലുലാർ എന്നിവ വോഡഫോൺ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോഴും രണ്ട് എന്റിറ്റികളുടെയും പ്രത്യേക നെറ്റ്വർക്ക് സ്പീഡ് ഡേറ്റ പുറത്തിറക്കുന്നുണ്ട്.
ട്രായിയുടെ ഡേറ്റ അനുസരിച്ച് വോഡഫോണിന്റെ ഡൗൺലോഡ് വേഗം നവംബറിൽ 9.8 എംബിപിഎസ് ആണ് രേഖപ്പെടുത്തിയത്.
ഐഡിയയും ഭാരതി എയർടെലും യഥാക്രമം 8.8 എംബിപിഎസ്, 8 എംബിപിഎസ് ഡൗൺലോഡ് വേഗം നേടി. 6.5 എംബിപിഎസ് നെറ്റ്വർക്ക് വേഗത്തോടെ അപ്ലോഡ് വിഭാഗത്തിൽ വോഡഫോൺ ഒന്നാമതെത്തി. 5.8 എംബിപിഎസ്, എയർടെൽ 4 എംബിപിഎസ്, ജിയോ 3.7 എംബിപിഎസ് എന്നിവയാണ് മറ്റുള്ളവരുടെ അപ്ലോഡ് വേഗം. ഡൗൺലോഡ് വേഗമാണ് ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നത്.