ജിയോയും 40% നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചു,പുതിയ നിരക്കുകള്‍ ഡിസംബര്‍ 6 മുതല്‍
മുംബൈ:വോഡഫോണ്‍-ഐഡിയയ്ക്കും എയര്‍ടെലിനും പിന്നാലെ റിലയന്‍സ് ജിയോയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 6 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫ് പ്രകാരം റിലയന്‍സ് ജിയോ മൊബൈല്‍ സേവന നിരക്ക് 40% വരെ ഉയരും.
പരിധിയില്ലാത്ത കോളുകളും ഡാറ്റയുമുള്ള പുതിയ ‘ഓള്‍ ഇന്‍ വണ്‍’ പ്ലാനുകള്‍ ജിയോ അവതരിപ്പിക്കും. ഈ പ്ലാനുകളില്‍ മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളിലേക്കുള്ള വിളികള്‍ക്ക് ന്യായമായ ഉപയോഗ നയം FUP) ഉണ്ടാകും. പുതിയ പ്ലാനുകള്‍ക്ക് 40 ശതമാനം വരെ ഉയര്‍ന്ന നിരക്കുകളായിരിക്കും. എങ്കിലും, ആദ്യം ഉപഭോക്താവ് എന്ന വാഗ്ദാനത്തിലൂടെ ജിയോ ഉപഭോക്താക്കള്‍ക്ക് 300 ശതമാനം വരെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഉപഭോക്താവിന്റെ ആത്യന്തിക താല്‍പ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായി തുടരുമ്പോള്‍, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും ജിയോ സ്വീകരിക്കും. ടെലികോം താരിഫ് പരിഷ്‌കരിക്കുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയില്‍ ജിയോ സര്‍ക്കാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കും, ഒപ്പം എല്ലാ ഓഹരിയുടമകളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.
ഭാരതി എയര്‍ടെല്‍ ഞായറാഴ്ച പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 3 മുതല്‍ 42 ശതമാനം വരെ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കോള്‍, ഡാറ്റ ചാര്‍ജുകളില്‍ വര്‍ധനവുണ്ടാകും. സമാനായി മൊബൈല്‍ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം വോഡഫോണ്‍ ഐഡിയ പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.