കൊക്രജാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിതിരെയുളള ട്വീറ്റുകളുടെ പേരില്‍ അറസ്റ്റിലായി ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ ജിഗ്നേഷ് മേവാനി എംഎല്‍എയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പോലീസിന്റെ പരാതിയിലെന്ന് റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ജിഗ്നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്നും കൊക്രാജാറിലേക്ക് ജിഗ്നേഷ് മേവാനിയെ എത്തിച്ച പോലീസ് സംഘത്തിലുളളതാണ് പരാതി നല്‍കിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. ബാര്‍പേട്ട ജില്ലയിലൂടെ കടന്ന് പോകുമ്പോള്‍ ജിഗ്നേഷ് മേവാനി വനിതാ പോലീസിനെ അസഭ്യം പറഞ്ഞുവെന്ന് പരാതിയിലുണ്ടെന്നാണ് സൂചന. മാത്രമല്ല ജിഗ്നേഷ് മേവാനി വനിതാ പോലീസിന് നേര്‍ക്ക് മോശമായ ആംഗ്യങ്ങള്‍ കാണിച്ചുവെന്നും കാര്‍ സീറ്റിലേക്ക് തള്ളിയിട്ടുവെന്നും പരാതിയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 21ന് ബാര്‍പേട്ട റോഡ് പോലീസ് സ്‌റ്റേഷനിലാണ് ജിഗ്നേഷ് മേവാനിക്ക് എതിരെയുളള രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുഇടത്തില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുക, ചേഷ്ടകള്‍ കാണിക്കുക, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്ക് തടസ്സം നില്‍ക്കുക, സ്ത്രീത്വത്തെ അപമാനിക്കുക അടക്കമുളള വകുപ്പുകളാണ് ജിഗ്നേഷ് മേവാനിക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള ട്വീറ്റിന്റെ പേരിലെ കേസില്‍ തിങ്കളാഴ്ചയാണ് കോടതി ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. തൊട്ടുപിന്നാലെ അസം പോലീസ് രണ്ടാമത്തെ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്തിലെ പാലന്‍പൂരിലുളള അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ജിഗ്നേഷ് മേവാനിയെ അസം പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. അസമിലെ പ്രാദേശിക ബിജെപി നേതാവാണ് മേവാനിക്കെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികാര രാഷ്ട്രീയം പയറ്റുന്നു എന്നാണ് അറസ്റ്റിനോടുളള ജിഗ്നേഷ് മേവാനിയുടെ പ്രതികരണം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്നുളള ഗൂഢാലോചനയാണ് എന്നും മേവാനി പ്രതികരിച്ചു. മേവാനിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് അടക്കം പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.