NationalNews

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കും ഭാര്യ മുഖ്യമന്ത്രി പദത്തിലേക്ക്

റാഞ്ചി: ഖനി ലൈസൻസ് കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് അയോഗ്യനായി പ്രഖ്യാപിച്ചേക്കും. ഗവര്‍ണർ രമേഷ് ബായിസ്  തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനുള്ള അനുമതി  നല്‍കും. ഹേമന്ത് സോറന് മത്സരിക്കാനുള്ള വിലക്ക് പ്രഖ്യാപിക്കില്ലെന്നാണ് സൂചന. അതിനാല്‍  സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിലൂടെ ഹേമന്ത് സോറന് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്താനാകും. എന്നാല്‍, ഗവർണർ അയോഗ്യനാക്കാന്‍ അനുമതി നല്‍കിയാല്‍ കോടതിയെ സമീപിക്കാനും ജെഎംഎം ആലോചിക്കുന്നുണ്ട്.

അതേസമയം  ജാർഖണ്ഡിൽ ഗവർണർ തീരുമാനം പ്രഖ്യാപിക്കാൻ ഇരിക്കെ യുപിഎ എംഎൽഎമാർ യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലാണ് എംഎൽഎമാർ യോഗം ചേർന്നത്. ഖനി ലൈസൻസ് കേസിൽ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ധാർമികതയുടെ പേരിൽ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

യുപിഎ സഖ്യത്തിന്റെ ഭാഗമാണ് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ഹേമന്ത് സോറൻ 2024 വരെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെഎംഎം നേതാക്കൾ ഇപ്പോഴും പറയുന്നത്.  ജെഎംഎമ്മിൻ്റേയും കോണ്ഗ്രസിൻ്റേയും മുഴുവൻ എംഎൽഎമാരോടും അടിയന്തര സാഹചര്യത്തിൽ റാഞ്ചിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമന്ത് സോറൻ സ്വന്തം പേരില്‍ ഖനി അനുമതി  നല്‍കിയെന്ന ബിജെപി പരാതിയാണ് നിയമസഭാഗത്വം റദ്ദാക്കപ്പെടുന്നതിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അധികാര ദുർവിനിയോഗം നടത്തി,  ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനം നടന്നു എന്നൊക്കെയായിരുന്നു ഉയ‍ർന്ന ആരോപണം.

ഇത് ശരിവെച്ചാണ് കടുത്ത നടപടി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തത്. ഇതോടെ ബിജെപിക്കെതിരെ സോറൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി കമ്മീഷൻ ആയി മാറിയെന്നായെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും കുറ്റപ്പെടുത്തി. ഗവർണർ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ മന്ത്രിമാരുമായി ചർച്ച നടന്നിരുന്നു. അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍, രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ഭരണപക്ഷ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപിക്കായാല്‍ ജാർഖണ്ഡില്‍ ഭരണം മാറി മറയും. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എൻഡിഎക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍ എൻഡിഎ സഖ്യസർക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ ജാർഖണ്ഡിലെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button