കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമ മുന്നോട്ടുവെക്കുന്ന സ്ത്രീപക്ഷവാദത്തെ കുറിച്ചും തുല്യതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയരവേ സിനിമക്കെതിരെ വിമര്‍ശനവുമായി നിരവധി പേരും രംഗത്തെത്തിയിരുന്നു.
സിനിമക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന ചോദ്യമായിരുന്നു, തുല്യതയെ കുറിച്ച് പറയുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സുരാജിനും നിമിഷക്കും ഒരേ വേതനമാണോ കൊടുത്തത് എന്നത്. ഇപ്പോള്‍ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ ബേബി.
ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നവര്‍ ആചാരസംരക്ഷകരോ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരോ ആയിരിക്കുമെന്ന് പറഞ്ഞ ജിയോ ബേബി സുരാജിനും നിമിഷക്കും കൊടുത്ത ശമ്പളത്തെ കുറിച്ച് പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോയുടെ പ്രതികരണം. ഈ ചോദിക്കുന്നവരുടെ വീടുകള്‍ പണിയുമ്പോള്‍ എഞ്ചിനീയര്‍ക്കും മേസ്തിരിക്കും ഒരേ ശമ്പളമാണോ നല്‍കാറുള്ളതെന്നും ജിയോ ബേബി ചോദിച്ചു. ഒരാളുടെ അറിവും എക്സ്പീരിയന്‍സും തുടങ്ങി നിരവധി കാര്യങ്ങള്‍ ശമ്പളം നിശ്ചയിക്കുന്നതില്‍ ബാധകമാകുന്നത് സിനിമയിലും അതുപോലെ തന്നെയാണെന്നും ജിയോ പറഞ്ഞു.
‘ഈ ചോദിക്കുന്നവര്‍ ആചാരസംരക്ഷത്തിന് വേണ്ടി റോഡിലിറങ്ങി ഓടിയവരോ കല്ലെറിഞ്ഞവരോ ആയിരിക്കും. പിന്നെ വേറൊരു സംഘം ഇറങ്ങിയിട്ടുണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ഇവരുടെ പരുപാടി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മാസം 10,000 രൂപ ശമ്പളം കൊടുക്കണമെന്നാണ്. ജില്ലാ കളക്ടര്‍ക്കും അവിടെ കാവല്‍ നിലനില്‍ക്കുന്ന ആള്‍ക്കും ഒരേ പെന്‍ഷന്‍ എന്നു പറയുന്നു.