റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്‍റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. 2028-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി ഇത് മാറുന്നതിനാൽ ഇതിനെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്.
2013-ലാണ് നിർമാണം ആരംഭിച്ചത്. 157 നിലകളിൽ പടുത്തുയർത്തപ്പെടുന്ന ടവർ കോംപ്ലക്സിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, സാദാ ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാൾ, വ്യാപാര സ്ഥാപനങ്ങൾ, റസിഡൻഷ്യൽ യൂനിറ്റുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങൾ എന്നിവയാണുണ്ടാവുക. 157 നിലകളിൽ 63 നിലകളുടെ നിർമാണം പൂർത്തിയായി.
59 എലിവേറ്ററുകളും 12 എസ്കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. 80 ടൺ സ്റ്റീലും എനർജി ഇൻസുലേറ്റിങ് ഗ്ലാസും കൊണ്ടുള്ള മുൻഭാഗങ്ങളുടെ നിർമാണവും ഇതിനകം പൂർത്തിയായി. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. ഒരു കിലോമീറ്റർ ഉയരമുള്ള ഈ ജിദ്ദ ടവർ കൂടാതെ മറ്റൊന്ന് 601 മീറ്റർ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ്.
റിയൽ എസ്റ്റേറ്റ് വികസനത്തിലും വാസ്തുവിദ്യയിലും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇത് സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നു. കുറഞ്ഞ താപ ശേഷിയുള്ള ഗ്ലാസ് മുഖങ്ങൾ, മെക്കാനിക്കൽ എയർ കണ്ടീഷനിങ്ങിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് പ്രകൃതിദത്തമായ വായുപ്രവാഹം മെച്ചപ്പെടുത്തൽ, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് സഹായിക്കുന്ന സുസ്ഥിര നിർമാണ സാമഗ്രികൾ, ഊർജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉയർന്ന ടവറുകൾ രൂപകല്പന ചെയ്യുന്നതിൽ പ്രശസ്തനായ അമേരിക്കൻ വാസ്തുശില്പി അഡ്രിയാൻ സ്മിത്താണ് ഈ ടവറിെൻറ രൂപകൽപന നിർവഹിച്ചത്. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര വാസ്തുശില്പികളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. നിരവധി ഐതിഹാസിക കെട്ടിടങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ദുബൈയിലെ ബുർജ് ഖലീഫയാണ് അദ്ദേഹത്തിെൻറ മുൻകാല പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ജിദ്ദ ടവർ പദ്ധതിക്ക് മുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ മാത്രമല്ല, സുസ്ഥിരതയിലും പാരിസ്ഥിതിക കാര്യക്ഷമതയിലും ഏറ്റവും പുരോഗമിച്ച ഒന്നാണ് ബുർജ് ഖലീഫയുടെ ഡിസൈൻ. മൊത്തം 720 കോടി റിയാൽ മൂല്യമുള്ള ജിദ്ദ ടവർ പദ്ധതി പൂർത്തിയാക്കാൻ കിങ്ഡം ഹോൾഡിങ് കമ്പനി ബിൻലാദിൻ ഗ്രൂപ്പുമായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.