മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഐ.കെ.ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1942 ജനുവരി 16ന് തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച ജയ്പാല്‍ റെഡ്ഡി വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1969 മുതല്‍ 1984വരെ ആന്ധ്രയിലെ കല്‍വകൂര്‍ത്തിയില്‍ നിന്ന് നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് വിട്ട് ജനതാ പാര്‍ട്ടിയിലെത്തിയ അദ്ദേഹം 1980-ല്‍ മേഡക് മണ്ഡലത്തില്‍നിന്ന് ഇന്ദിരാഗാന്ധിക്കെതിരെ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു. 1998ല്‍ ഐ. കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നു. 1999ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
21 വര്‍ഷത്തിനു ശേഷമായിരുന്നു മടങ്ങിയെത്തിയത്. 2004ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍ നിന്ന് ജയിച്ച അദ്ദേഹം പതിനാലാം ലോക്‌സഭയില്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ മന്ത്രിയായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു. വാര്‍ത്താ വിതരണം, നഗരവികസനം, പെട്രോളിയം വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാര്യ ലക്ഷ്മി. രണ്ടു മകനും ഒരു മകളുമുണ്ട്.