കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. മഞ്ഞപ്പിത്തം ബാധിച്ചവരെല്ലാം ഏതാണ്ട് ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവേദിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞു.
ഇവിടെ വിതരണം ചെയ്‌ത വെള്ളമാണോ, മറ്റെന്തെങ്കിലും പാനീയമാണോ രോഗകാരിയായതെന്ന് അറിയില്ലെന്നും കാസർകോട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡിഎംഒ ഡോ മനോജ് പ്രതികരിച്ചു. പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും ഡോ മനോജ് അറിയിച്ചു