കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റി വഴി വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയേറെ പേർക്ക് രോഗമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പ്രദേശവാസികളായ രണ്ട് പേർ മരിച്ചിരുന്നു. രോഗബാധയെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ വേങ്ങൂർ പഞ്ചായത്തിൽ അവലോകന യോഗം വിളിച്ചു.
രോഗബാധയെ തുടർന്ന് അമ്പതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ശുദ്ധീകരിക്കാത്ത കുടിവെള്ളം വിതരണം ചെയ്ത വാട്ടർ അതോറിറ്റിയുടെ ഗുരുതര വീഴ്ച്ചയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശുദ്ധജല ക്ഷാമം ബാധിക്കുന്ന പ്രദേശമായ വേങ്ങൂരിൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തെയാണ്.
ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്തതെന്നാണ് ആക്ഷേപം. ഈ വെള്ളം തിളപ്പിക്കാതെ കുടിച്ചവർക്കാണ് രോഗം പിടിപെട്ടിരിക്കുന്നതെന്നാണ് വിവരം. കുടിവെള്ളത്തിൽ നിന്നുമാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.