മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ് സല്യൂട്ടു’മായി ബി.ജെ.പി മുഖപത്രം ജന്മഭൂമി
തിരുവനന്തപുരം: മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കെ കുഞ്ഞിക്കണ്ണന്റെ ‘മറുപുറം’ എന്ന പംക്തിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അഭിനന്ദിച്ചിരിക്കുന്നത്. ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വ്യാപകമായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പിണറായിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യുഎപിഎ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയും ലേഖനം അഭിനന്ദിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്രേ മോഡി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിനു കാരണമെന്നും ലേഖനം വാദിക്കുന്നു. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നുന്നതായി ലേഖനത്തില്‍ കുറിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ‘സ്രാവ് സഖാക്കള്‍ക്ക്’ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി തയ്യാറായതായി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പരാമര്‍ശിച്ച് ലേഖനം പറയുന്നു. ‘മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി തള്ളിക്കളയാന്‍ പറ്റില്ലെന്നും ലേഖനം എടുത്ത് പറയുന്നുണ്ട്. ‘ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.