ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും ജനത കര്‍ഫ്യൂവിന്റെ ഭാഗമാകാമെന്നും ഇത് കോവിഡ്-19ന് എതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നും ജനതകര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാം ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകും. വീടുകള്‍ക്കുള്ളില്‍ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.പതിനാല് മണിക്കൂര്‍ ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ഇന്ത്യ തയ്യാറായി.
രാജ്യത്തെ ജനങ്ങള്‍ നാളെ സ്വമേധയാ വീട്ടിലിരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയം മറ്റിവെച്ച് പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനം. 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കും. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനാത കര്‍ഫ്യൂവിന് സംസ്ഥാനം നല്‍കുന്നത് പൂര്‍ണ്ണ പിന്തുണയില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. കെ എസ് ആര്‍ ടി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല.
കൊച്ചി മെട്രോ അടക്കം ട്രെയിനുകള്‍ ഓടില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ബാറുകള്‍ ഉള്‍പ്പടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. പെട്രോള്‍ പമ്ബുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, ആംബുലന്‍സ് ഉള്‍പ്പടെ അവശ്യസര്‍വ്വീസിനുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും. അതിനായി പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തും. മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കും. എന്നാല്‍, അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും.
മില്‍മ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും. അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കര്‍ഫ്യൂവില്‍ അണിചേരും.