‘അറസ്റ്റിലായത് വ്യാജമാധ്യമപ്രവര്‍ത്തകര്‍!’ മലയാളി മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ജനം ടി.വി
കൊച്ചി: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാള മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ബി.ജെ.പി ചാനല്‍ ‘ജനം ടിവി’. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നാണ് ജനം ടി.വിയുടെ റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവണ്‍, 24 ന്യൂസ് , മാതൃഭൂമി, ന്യൂസ് 18 ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കര്‍ണാടക പോലീസ് ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ജനം ടിവിയുടെ പുതിയ കണ്ടെത്തല്‍. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജനേ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരില്‍ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതായും ജനം ടിവിയുടെ വാര്‍ത്തയില്‍ പറയുന്നു.
കര്‍ണാടക പോലീസ് നടപടിക്കെതിരെ കേരളത്തില്‍ വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ചാനല്‍ ക്യാമറുകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.