500 കോടിയിലേക്ക് കുതിച്ച് ‘ജയിലർ’, കേരളത്തിലും ഗംഭീര കളക്ഷൻ, ഇതുവരെ നേടിയത്
ചെന്നൈ:ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ‘മൺഡേ ടെസ്റ്റും’ പാസായിരിക്കുകയാണ്.
തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ജയിലർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. ഇന്ന് 30 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്.
രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.