എറണാകുളം: ജില്ലാ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. വൈകീട്ട് ആറ് മണിക്ക് സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറി. സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്ന വിവിധ പദ്ധതികളില്‍ കാര്യക്ഷമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ ജാഫര്‍ മാലിക് സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പറഞ്ഞു.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായുള്ള സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞ കളക്ടര്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും മികച്ച സേവനം ഉറപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരി കുട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ്, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരെ സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കും.
വിവിധ വികസന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.ഡി.എം എസ് ഷാജഹാന്‍, ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസി. കളക്ടര്‍ സച്ചിന്‍ യാദവ്, ഹുസൂർ ശിരസ്തീദാർ ജോർജ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് കെ.കെ ജയകുമാർ, വിവിധ ഡെപ്യൂട്ടി കളക്ടർമാർ മറ്റ് ഉദ്യോഗസ്ഥർ തടങ്ങിയവർ സന്നിഹിതരായിരുന്നു.