കൂത്താട്ടുകുളം: നാട്ടിന്‍പുറങ്ങളില്‍ പഴുത്ത് വെറുതെ വീണുപോകുന്ന ചക്കയായിരിന്നു ഇന്നലത്തെ മണ്ണത്തൂര്‍ കാര്‍ഷിക ലേലവിപണിയിലെ താരം. 1505 രൂപയ്ക്കാണ് ഇവിടെ ഒരു ചക്ക വിറ്റുപോയത്. ഒരു ചക്കയ്ക്ക് ഇത്ര വിലയോ എന്ന് ചിന്തിക്കാന്‍ വരട്ടേ. കാലംതെറ്റി പിറന്നതാണ് ചക്കയെ സ്റ്റാറാക്കിയത്. നാട്ടിലെങ്ങും ചക്ക കാണാന്‍ പോലും കിട്ടാത്ത സമയത്ത് അപ്രതീക്ഷിതമായി എത്തിയ ഒറ്റയാനെ പൊന്നുംവിലകൊടുത്തും സ്വന്തമാക്കാന്‍ നിരവധി പേരാണ് എത്തിയത്.
എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ മണ്ണത്തൂര്‍ കാര്‍ഷിക ലേലവിപണിയിലേക്കാണ് സീസണ്‍ ആരംഭിക്കും മുന്‍പേ അപൂര്‍വ കാഴ്ചയായി ചക്ക എത്തിയത്. രണ്ട് ദിവസം മുന്‍പ് കൂത്താട്ടുകളത്തെ ലേലവിപണിയില്‍ 1000 രൂപയ്ക്ക് ചക്ക വിറ്റിരുന്നു. രണ്ട് വിപണിയില്‍ നിന്നും ഉയര്‍ന്ന വിലയിക്ക് ചക്ക വാങ്ങാന്‍ എത്തിയത് നാട്ടുകാര്‍ തന്നെയാണ്. ഈ സമയത്ത് ചക്ക കിട്ടാനില്ലാത്തതാണ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. ചക്ക സുലഭമാകാന്‍ ഇനിയും ആഴ്ചകളോളം കാത്തിരിക്കേണ്ടതുണ്ട്. നാട്ടില്‍പുറത്തെ പ്ലാവുകളില്‍ ചക്ക മൊട്ടിട്ടു തുടങ്ങിയിട്ടേയുള്ളൂ.