കൊച്ചി:നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കാൻ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിക്കു ഹൈക്കോടതി നിർദേശം നൽകി. 6 മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശിച്ചു.
കേസ് പിൻവലിക്കാൻ അനുമതി നിഷേധിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവു റദ്ദാക്കിയാണു നിർദേശം. കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു.
സമാന ആവശ്യമുന്നയിച്ച് കേസിൽ പ്രതികളായ നടൻ മോഹൻലാലും പി.എൻ.കൃഷ്ണകുമാറും നൽകിയ ഹർജികൾ തള്ളി. കേസ് പിൻവലിക്കാൻ സർക്കാരാണ് ആവശ്യപ്പെട്ടതെന്നും അതു നിരസിച്ചതു ചോദ്യം ചെയ്യാൻ പ്രതികൾക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ഹർജികൾ തള്ളിയത്.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തതാണു കേസിന് ആധാരം. തുടർന്ന് ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തു.
കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ 2015 ഡിസംബർ 2നു കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. കേസ് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലിരിക്കെ അസി. പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകി വനം വകുപ്പ് 2016ൽ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിലാണു ഈ അപേക്ഷ നൽകിയത്.
വ്യവസ്ഥാപിത നിയമ തത്വങ്ങൾ അനുസരിച്ച് കേസ് പിൻവലിക്കാൻ സാധ്യമായ സാഹചര്യം ഈ കേസിലുണ്ടോ എന്നു വിലയിരുത്തണമെന്നു പറഞ്ഞാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ളത്. അതേസമയം, മോഹൻലാലിനു സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.