റോം: ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറ്റലി. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇറ്റലി ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് മാസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു.
2019-ലാണ് ഇറ്റലി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. യു.എസ്. ഉന്നയിച്ച ആശങ്കകള്‍ തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കൊപ്പം നിന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യം കൂടിയായിരുന്നു ഇറ്റലി.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോര്‍ജിയ മെലോണി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയും ഇറ്റലിയും തമ്മില്‍ 2019-ല്‍ ഒപ്പിട്ട കരാറിന്റെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് മൂന്ന് മാസം മുമ്പ് ഇറ്റലി രേഖാമൂലം അറിയിക്കുന്നില്ലാ എങ്കില്‍ മാര്‍ച്ചിന് ശേഷവും കരാര്‍ തുടരുമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരമാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഇറ്റലി ചൈനയ്ക്ക് കത്ത് നല്‍കിയത്.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വമ്പൻ വ്യാവസായിക, അനുബന്ധ നിക്ഷേപങ്ങൾ നടത്തി ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ശക്തിയാകാനുള്ള ശ്രമമാണ് ചൈന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനങ്ങളും നടക്കുക തെക്കൻ ഏഷ്യയിലാകും. ഇതു മേഖലയുടെ പരിസ്ഥിതി സന്തുലനം തകർക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പൊടുന്നനെയുള്ള അടിസ്ഥാന സൗകര്യ വികസനം ചൈനയുടെ വ്യാവസായിക നയമാണ്. സ്വന്തം രാജ്യത്ത് ഈ നയം നടപ്പിലാക്കി വ്യാവസായിക കുതിപ്പു നേടാൻ ചൈനയ്ക്കു കഴിഞ്ഞിരുന്നു. മറ്റു രാജ്യങ്ങളിലുള്ള വ്യാവസായിക പദ്ധതികളിലും ചൈന ഇതേ നയം തന്നെയാകും മുന്നോട്ടു വയ്ക്കുന്നത്. ഇതിന് ഉദാഹരണമായി ചൈനയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ സാമ്പത്തിക ഇടനാഴി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാക്ക് അധിനിവേശ കാശ്മീരിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലൂടെ കടന്നു പോകുന്ന ഈ ഇടനാഴി പരിസ്ഥിതി ലോലമേഖലയായ ഇവിടെ വൻ വനനശീകരണത്തിനും കാലാവസ്ഥാവ്യതിയാനത്തിനും വഴിവയ്ക്കുമെന്നാണു കരുതപ്പെടുന്നത്.
ഇതോടൊപ്പം തന്നെ ചൈന പണിയാനുദ്ദേശിക്കുന്ന റോഡുകളിൽ പലതിലൂടെയും ഒരു ദിവസം 7000 ട്രക്കുകളോളം കടന്നുപോകും. ഇവയിൽ നിന്നു 3.65 കോടി ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമിക്കുമെന്നാണു കണക്ക്. ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രോജക്ടുകളെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്. വടക്കുകിഴക്കൻ കമ്പോഡിയയിൽ ചൈന പണം മുടക്കി നിർമിച്ച ലോവർ സെസാൻ 2 ഡാം പ്രോജക്ട് കാരണം 5000 ആളുകൾക്ക് കിടപ്പാടം നഷ്ടമായിരുന്നു.
മത്സ്യബന്ധനം, വനവിഭവം ശേഖരിക്കൽ തുടങ്ങിയവ ചെയ്തു ജീവിച്ച തദ്ദേശീയരാണ് ഇങ്ങനെ പെരുവഴിയിലായവരിൽ അധികവും. ബുനോങ്, ബ്രാഓ, കോയ്, ലാവോ, ജെറായ്, ക്രിയുങ് തുടങ്ങിയ ഗോത്രങ്ങളിൽ പെട്ടവരായിരുന്നു ഇവർ. ഇവർ പിന്നീട് ദുരിതത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. ഈ ഡാം നിർമാണത്തിനു ശേഷം പ്രദേശത്ത് പ്രളയങ്ങളും കൂടുതലാണെന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിക്കുന്നു.
വിദേശമേഖലകളിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ മൂലം 679 മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നു പഠനങ്ങളുണ്ട്. ആഫ്രിക്കൻ രാജ്യം സിയറ ലിയോണിലെ ബ്ലാക്ക് ജോൺസൺ ബീച്ചിൽ ചൈന ഏറ്റെടുത്തിരിക്കുന്ന വൻകിട ഹാർബർ നിർമാണത്തിനെതിരെയും വലിയ പ്രതിഷേധങ്ങളുണ്ട്. ഈ പദ്ധതിയും രാജ്യാന്തര ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണ്.
ഈ ഹാർബർ വരുന്നത് സിയറ ലിയോണിന്റെ പരിസ്ഥിതിയിൽ വലിയ സ്ഥാനം വഹിക്കുന്ന മഴക്കാടുകളുടെ നാശത്തിനു വഴിവയ്ക്കുമെന്നും രാജ്യത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ ടൂറിസം വ്യവസായത്തെ തകർക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. പാപ്പുവ ന്യൂഗിനിയയിൽ ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന പോർഗെറ ഖനിയിലും വലിയ പരിസ്ഥിതി ചൂഷണങ്ങളും തദ്ദേശീയ ദുരിതങ്ങളും ആരോപിക്കപ്പെടുന്നു.