പാലക്കാട് : പാലക്കാട് ബിജെപി മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്‍റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെയെന്ന് പൊലീസ്. കേസിൽ യുവ മോർച്ച നേതാവിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി മണലി സ്വദേശിയുമായ രാഹുലിനെയും സുഹൃത്തുക്കളായ അനുജിൽ, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരെയും പാലക്കാട് ടൌൺ പൊലീസ് അറസ്റ്റ് ചെയ്തു.
സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ്. പാലക്കാട്ടെ യുവ മോര്ച്ചയുടെ സമരങ്ങളിലെ നിറ സാന്നിധ്യമാണ് പിടിയിലായ രാഹുൽ. ബിജെപി ജില്ലാ നേതൃത്വവുമായും അടുത്ത ബന്ധമുള്ള രാഹുൽ യുവമോർച്ച അടുത്തിടെ മന്ത്രി എംബി രാജേഷിൻറെ വീട്ടിലേക്ക് നടത്തിയ മാർച്ചിൻറെ മുൻനിരയിലും ഉണ്ടായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളിൽ ഒരാളും രാഹുൽ തന്നെ.
സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. രാഹുലും സുഹൃത്തുക്കളും മദ്യപിച്ച് കാറിലും ബൈക്കിലുമായി അച്യുതാനന്ദൻറെ വീടിന് സമീപത്തെത്തി. ആദ്യം രാഹുൽ കയ്യിലുണ്ടായിരുന്ന ബിയര് കുപ്പി എറിഞ്ഞു. കൂടെയുണ്ടായിരുന്നവരോടും കുപ്പി എറിയാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിയർ കുപ്പി എറിഞ്ഞുള്ള ആക്രമണ ത്തിൽ ജനൽച്ചില്ലുകളും കാറിന്റെ ചില്ലുകളും തകർന്നിരുന്നു. വീട് ആക്രമണത്തിന് പിന്നിൽ ബിജെപി അനുഭാവികളാണെന്ന് അച്യുതാനന്ദൻ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
പാർട്ടിയിലെ ആഭ്യന്തര തർക്കമാണു ആക്രമണത്തിന് കാരണമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിൽ വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്. ആദ്യം പ്രതികളുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.