‘ഇത് വേദനിപ്പിച്ചു, ബഹുമാനം ഇല്ലാതെ പെരുമാറി, ഞാൻ കൺഫ്യൂസ്ഡ് ആണ്; തുറന്നടിച്ച് ശ്വേത മേനോൻ
കൊച്ചി: സൂപ്പർ അമ്മയും മകളും എന്ന അമൃത ടിവിയിലെ റിയാലിറ്റി ഷോയ്ക്ക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. അടുത്തിടെ ആയിരുന്നു ഷോയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ആയിരുന്നു വിജയികൾ. എന്നാൽ ഇപ്പോഴിതാ ഗ്രാൻഡ് ഫിനാലെ വേദിയിൽ നടന്ന മറ്റൊരു സംഭവത്തിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്.
ഷോയിൽ അഞ്ചാം സ്ഥാനം നേടിയ ഷീന സന്തോഷിനും മകൾ ശൈത്യ സന്തോഷിനും പുരസ്കാരം നൽകുമ്പോൾ അവർ സമ്മാനം നിരസിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. നടി ശ്വേതാ മേനോനായിരുന്നു ഇരുവർക്കും പുരസ്കാരം നൽകിയത്. മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ കടുത്ത അതൃപ്തിയും നിരാശയുമാണ് ശ്വേതാ പ്രകടിപ്പിച്ചത്. സംഭവം ഇങ്ങനെ
ഫൈനൽ ഫൈവിൽ എത്തിയ മത്സരാർത്ഥികളെ വേദിയിൽ കാണാം. തുടർന്നാണ് ശ്വേത അഞ്ചാം സ്ഥാനക്കാരെ പ്രഖ്യാപിക്കുന്നത്. എന്നാൽ യാതൊരു സന്തോഷവും ഈ സമയത്ത് ആരും പ്രകടിപ്പിച്ചില്ല. തുടർന്ന് തങ്ങൾക്ക് പുരസ്കാരം വേണ്ടെന്ന് പറഞ്ഞ് ഇരുവരും വേദിയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇരുവരുടേയും പെരുമാറ്റം കണ്ട് സ്തബ്ധരായി നിൽക്കുന്ന അവതരാകയായ സ്വാസികയേയും വിധികർത്താക്കളായ ശ്വേതയേയും സംവിധായകൻ ലാൽ ജോസിനേയും വീഡിയോയിൽ കാണാം.
കടുത്ത ഭാഷയിലാണ് ശ്വേത പ്രതികരിച്ചത്. ‘പെർഫോമൻസ് ബേസിൽ ആണ് വിജയികളെ നിശ്ചയിച്ചിരിക്കുന്നത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് ഒരു വേദി കിട്ടുമ്പോൾ അതിന്റേതായൊരു ബഹുമാനം കാണിക്കണം. അതാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് ചാൻസ്,ടൈം,അവസരങ്ങൾ എന്നിവ എല്ലാവർക്കും കിട്ടുന്നതല്ല. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്.
നമ്മൾ ഏറ്റവും അധികം സപ്പോർട്ട് ചെയ്തിട്ടുള്ളത് നമ്മുടെ മത്സരാർത്ഥികളെ ആണ്. അവരുടെ പോരായ്മകളും നല്ലവശവും കണ്ടിട്ടാണ്. ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ പറയുകയാണ് ഞാൻ കൺഫ്യൂസ്ഡ് ആണ്. ഷീന ചേച്ചി, ശൈത്യ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്നെ വളരെ അധികം ഇത് വേദനിപ്പിച്ചിട്ടുണ്ട്’, എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ.
ഞങ്ങൾ ശരിക്കും ഷോക്കായിരിക്കുകയാണ് എന്നാണ് അവതാരകയായ സ്വാസിക പറഞ്ഞത്.
ഈ ഒരു സ്റ്റേജിനോട് ബഹുമാനം ഇല്ലാതെ പെരുമാറിയത് ശരിയായില്ലെന്ന് ലാൽ ജോസും പ്രതികരിച്ചു. ‘ ഞാനൊരു റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്നു. 16 മത്സരാർത്ഥികൾ അതിൽ ഉണ്ടായിരുന്നു. അവരോടൊക്കെ ഞാൻ പറയുന്നത് വേദിയിലെ പെർഫോമൻസ് എന്നത് നിങ്ങളുടെ കഴിവിന്റെ അവസാനമല്ലെന്നാണ്’, ലാൽ ജോസ് പറഞ്ഞു.