തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികള്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന് 150 കോടിരൂപ കൈക്കൂലി നല്‍കിയതായി പി.വി.അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കേരളത്തിലെ അടിസ്ഥാന സൗകര്യം വളരെ വേഗം ഉയരുമായിരുന്നു. ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരവും ഉണ്ടാകുമായിരുന്നു.
പി.വി.അന്‍വര്‍ സഭയില്‍ പറഞ്ഞത്: കെ-റെയില്‍ ഇടതു സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. 5 വര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നു.
ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിനു കാരണം. ഇതിനെ മറികടക്കാനാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരുന്നത്. പിന്നീട് ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് സ്വീകരിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പദ്ധതിയെ ഭീകരരൂപിയായി അവതരിപ്പിച്ചു. അതില്‍ പ്രധാന പങ്ക് വി.ഡി.സതീശനായിരുന്നു.
കേരളത്തില്‍ അടിസ്ഥാന സൗകര്യം വര്‍ധിച്ചാല്‍ കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവര്‍ മനസിലാക്കി. അവര്‍ കോണ്‍ഗ്രസിനെ കൂടെനിര്‍ത്തി സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി.സതീശനെ ഏല്‍പ്പിച്ചു. സതീശന് കിട്ടിയ ഓഫര്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ എത്ര പണം ചെലവഴിക്കാനും ഐടി കമ്പനികള്‍ തയാറായിരുന്നു. 150 കോടിരൂപ ഇലക്ഷന്‍ ഫണ്ടായി വി.ഡി.സതീശന്റെ കയ്യിലെത്തി. കണ്ടൈനര്‍ ലോറികളില്‍ 50 കോടിരൂപവീതം മൂന്നു ഘട്ടങ്ങളിലായാണ് പണം തൃശൂര്‍ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്.
അവിടെനിന്നും രണ്ട് ആംബുലന്‍സുകളിലായി പണം വി.ഡി.സതീശന്റെ സുഹൃത്തുകളുടെ കയ്യിലെത്തി. കര്‍ണാടകയില്‍ ഈ പണം നിക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകള്‍ പരിശോധിക്കണം. മാസത്തില്‍ 3 തവണയെങ്കിലും പ്രതിപക്ഷ നേതാവ് ബെംഗളൂരുവില്‍പോയിട്ടുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിനു മുന്‍പ് 25 കോടി കിട്ടി. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം നടത്തണം.