ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ
ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രനിലെ ഉല്‍ക്കാപതനം മൂലം ഉണ്ടായ ഗര്‍ത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്ററിലെ ഡ്യൂവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ചന്ദ്രനില്‍ അതിന്റെ ജന്മകാലം തൊട്ട് തന്നെ തുടര്‍ച്ചയായി ഉല്‍ക്കളും, ചിഹ്ന ഗ്രഹങ്ങളും, വാല്‍നക്ഷത്രങ്ങളും പതിക്കുന്നുണ്ട്. ഇതുവഴിയാണ് ചന്ദ്രോപരിതലത്തില്‍ വന്‍തോതില്‍ ഗര്‍ത്തങ്ങളുണ്ടാകാന്‍ കാരണം. ഗര്‍ത്തങ്ങളില്‍ പലതും വൃത്താകൃതിയിലുള്ളതാണ്. പല വലിപ്പത്തിലുള്ളവ ഇക്കൂട്ടത്തിലുണ്ട്.
ചന്ദ്രനിലെ കാലാവസ്ഥ ഈ ഗര്‍ത്തങ്ങളുടെ രൂപ സവിശേഷതകളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇതില്‍ പല ഗര്‍ത്തങ്ങളും മണല്‍, പൊടി, അയഞ്ഞ പാറ, മണ്ണ് കട്ടിയുള്ള പ്രതലത്തില്‍ മൂടിക്കിടക്കുകയാണ്. അത്കൊണ്ട് ഗര്‍ത്തങ്ങളില്‍ ചിലത് ഒപ്റ്റിക്കല്‍ ക്യാമറ ഉപയോഗിച്ച് കണ്ടെത്താനായില്ല.
ഗ്രഹങ്ങളുടെ പ്രതലത്തേയും ഉപരിതലത്തേയും പഠിക്കാനുള്ള ശക്തമായ വിദൂര സംവേദനാത്മക ഉപകരണമാണ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു. പ്രതലത്തിനുള്ളിലേക്ക് ഊഴ്നിറങ്ങാന്‍ ഇതിന്റെ റഡാര്‍ സിഗ്‌നലുകള്‍ക്ക് സാധിക്കും. ഇത് വഴി പ്രതലത്തില്‍ പരുക്കന്‍ ഘടനയും സാധാരണ ഒപ്റ്റിക്കല്‍ ക്യാമറകള്‍ക്ക് കാണാന്‍ കഴിയാത്ത മണ്ണില്‍ മൂടി കിടക്കുന്ന ഇടങ്ങളുടെ ഘടന പഠിക്കാനും ഈ റഡാര്‍ ഉപകരണത്തിലൂടെ സാധിക്കും.