ഗാസ: 54 ദിവസം ഹമാസിന്റെ തടവില്‍ കിടന്നിട്ടും താന്‍ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി- ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത് തടവിലാക്കിയ ആളുടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടാണ് ബലാത്സംഗത്തിന് ഇരയാകാതിരുന്നത് എന്നാണ് മിയ സ്‌കീം(21) അറിയിച്ചത്. 54 ദിവസത്തിനു ശേഷം ഹമാസിന്റെ തടവില്‍നിന്നു മോചിതയായ മിയ, ചാനല്‍ 13നു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”അയാളുടെ കുട്ടികളും ഭാര്യയും മുറിക്ക് പുറത്തുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് അയാള്‍ എന്നെ ബലാത്സംഗം ചെയ്യാതിരുന്നത്. അയാളും ഞാനും ഒരേ മുറിയിലാണ് എന്നത് അയാളുടെ ഭാര്യയെ ചൊടിപ്പിച്ചിരുന്നു. എന്നെ ഒരു ഇരുട്ടു മുറിയിലാണ് പൂട്ടിയിട്ടിരുന്നത്. ആരോടെങ്കിലും സംസാരിക്കാനോ, കാണാനോ കേള്‍ക്കാനോ അനുവദിച്ചിരുച്ചില്ല.”- മിയ പറഞ്ഞു.
താന്‍ പൂര്‍ണമായും അവരുടെ നിരീക്ഷണത്തിലായിരുന്നെന്നും തന്നെ പട്ടിണിക്കിടുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും മിയ വെളിപ്പെടുത്തി. ഒരുവേള അവര്‍ തന്നെ കൊലപ്പെടുത്തുമെന്നു വരെ കരുതിയിരുന്നതായും മിയ പറഞ്ഞു.
ഹമാസ് സംഘത്തിലുള്ളവരുടെ നോട്ടം അസ്സഹനീയമായിരുന്നെന്നും താന്‍ കണ്ണുകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയാണ് എന്നുവരെ തോന്നിയെന്നും മിയ പറഞ്ഞു. ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്നു പോലും അയാള്‍ ഒരിക്കല്‍ തന്നോട് പറഞ്ഞെന്നും മിയ പറഞ്ഞു. ”അവിടെ ഒരാള്‍ നിങ്ങളെ തന്നെ നോക്കിയിരിക്കുന്നു, ഇരുപത്തിനാലു മണിക്കൂറും നോക്കിയിരിക്കുന്നു, കണ്ണുകള്‍ കൊണ്ട് നിങ്ങളെ ബലാത്സംഗം ചെയ്യുന്നു.
ബലാത്സംഗം ചെയ്യുമെന്നുള്ള ഭയം, മരിക്കുമെന്നുള്ള ഭയം… ഞാന്‍ ശരിക്കും ഭയപ്പെട്ടു. എന്നെ ശത്രുതയോടെയാണ് കണ്ടതെങ്കിലും അയാളുടെ ഭാര്യ വീട്ടിലുള്ളതാണ് എനിക്ക് കുറച്ചെങ്കിലും ധൈര്യം തന്നത്”- മിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് കിഴക്കന്‍ ഇസ്രയേലില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍നിന്നാണ് മിയയെ തട്ടിക്കൊണ്ടു പോയത്. തടവിലാക്കപ്പെട്ടവരെ നന്നായി ആണ് നോക്കുന്നതെന്ന് കാണിച്ച ഹമാസ് പുറത്തിറക്കിയ വിഡിയോയിലൂടെ അവര്‍ പുറംലോകത്ത് അറിയപ്പെട്ടിരുന്നു. ഇസ്രയോല്‍-ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തലില്‍ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിന്റെ ഭാഗമായാണ് മിയയും സ്വതന്ത്രയായത്.