ജെറുസലേം: ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോള്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ ‘അക്രമികള്‍’ ഇപ്പോഴും അവിടെയുണ്ടാകാം എന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി.
അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സൈനിക നടപടിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം പരിശോധനകള്‍ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയംകൂടി വേണ്ടിവരുമെന്നും സൈനിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു.
ഗാസയില്‍ ഹമാസ് സ്വാധീനം ശക്തമാക്കിയതിന് പിന്നാലെ നേരത്തെ ഇസ്രയേലും ഈജിപ്തും പ്രദേശത്ത് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉപരോധം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. യുദ്ധത്തില്‍ ആയിരക്കണക്കിനു പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
അതിനിടെ, ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യുദ്ധമുന്നണിയില്‍ സൈനികര്‍ക്കൊപ്പം ചേരുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സൈനിക നടപടിയില്‍ പങ്കുചേരാനെത്തിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഹമാസിന്റെ സ്വാധീന മേഖലകളില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രദേശം മുഴുവന്‍ തകര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഹമാസ് വിജയത്തിന് തൊട്ടടുത്തെത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതിനിടെ, ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയടക്കം രംഗത്തെത്തിയിട്ടുണ്ട്. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചുകഴിഞ്ഞു. ഇസ്രയേലിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.