കോഴിക്കോട്: ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു. വ്യക്തികളോ സംഘടനകളോ സിനിമകൾക്കോ വിമർശിക്കാം. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
‘കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാന നിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതുവരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്, സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ് നൽകുമോ..”, എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേസമയം പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ലെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത് തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.