കൊല്‍ക്കത്ത: ഐഎസ്എൽ ഫൈനൽ മാർച്ച് പതിനെട്ടിന് നടക്കും. ഫൈനലിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ല. പോയിന്റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്നവരാണ് ഇത്തവണ പ്ലേ ഓഫിലെത്തുക. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലെത്തും. ഹീറോ ഐഎസ്എൽ ചരിത്രത്തിലാദ്യമായി ആറ് ടീമുകൾക്ക് ലീഗ് ഘട്ടത്തിലെ ഹീറോ ഐഎസ്എൽ ട്രോഫിയിൽ അവകാശവാദം ഉന്നയിക്കാൻ അവസരമുണ്ട്. മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഇതിനകം പ്ലേ ഓഫിൽ യോഗ്യത നേടി. ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്കായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
നാല് മുതൽ ആറ് വരെ സ്ഥാനക്കാർ നോക്കൗട്ട് മത്സരങ്ങളിലൂടെയാണ് സെമിയിലെത്തുക. മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. ഈ കളിയിൽ നാലാം സ്ഥാനക്കാരായ ടീം അഞ്ചാം സ്ഥാനക്കാരെ നേരിടും. തൊട്ടടുത്ത ദിവസം മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെ നേരിടും. ഈ മത്സരങ്ങളിൽ ജയിക്കുന്നവർക്ക് നേരിട്ട് സെമിയിലെത്താം. രണ്ട് പാദങ്ങളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. മാർച്ച് ഏഴിന് ആദ്യസെമിയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർ ആദ്യ നോക്കൗട്ടിലെ വിജയിയെ നേരിടും. മാർച്ച് ഒൻപതിന് നടക്കുന്ന രണ്ടാം സെമിയിൽ ലീഗിലെ രണ്ടാം സ്ഥാനക്കാർ രണ്ടാം നോക്കൗട്ടിലെ വിജയികളെ നേരിടും.
പ്ലേ ഓഫുകളുടെ ഫോർമാറ്റ്
നോക്കൗട്ട് 1: മാർച്ച് 3 – 4 (ഹോം ടീം) vs 5 (എവേ ടീം)
നോക്കൗട്ട് 2: മാർച്ച് 4 – 3 (ഹോം ടീം) vs 6 (എവേ )
സെമി ഫൈനൽ 1 – ഒന്നാം പാദം: മാർച്ച് 7 – 1 (ഹോം ടീം) vs നോക്കൗട്ട് 1 വിജയി
സെമി ഫൈനൽ 2 – ഒന്നാം പാദം: മാർച്ച് 9 – 2 (ഹോം ടീം) vs നോക്കൗട്ട് 2 വിജയി
സെമി ഫൈനൽ 1 – രണ്ടാം പാദം: മാർച്ച് 12 – നോക്കൗട്ട് 1 വിജയി (ഹോം ടീം) vs 1
സെമി ഫൈനൽ 2 – രണ്ടാം പാദം: മാർച്ച് 13 – നോക്കൗട്ട് 2 വിജയി (ഹോം ടീം) vs 2
വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ ഫുട്ബോളിലുണ്ടായത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും സ്റ്റാർ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രീമിയർ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. 2014-ൽ ആരംഭിച്ച ഐഎസ്എൽ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ഫുട്ബോളിലും ഏറെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.