കൊച്ചി: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം മുന്നേറ്റതാരം ഇഷാന്‍ പണ്ഡിതയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടുവര്‍ഷത്തെ കരാറിലാണ് ഇഷാന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ താരം മഞ്ഞപ്പടയ്ക്ക് വേണ്ടി ബൂട്ടുകെട്ടും.
2025 വരെയാണ് ഇഷാനുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്ന മൂന്നാം ഇന്ത്യന്‍ താരമാണ് ഇഷാന്‍. നേരത്തേ പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍ എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിലെത്തിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ആറുമത്സരങ്ങള്‍ കളിച്ച ഇഷാന്‍ ഒരു ഗോള്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച ഇഷാന്‍ 16-ാം വയസ്സില്‍ സ്‌പെയിനിലേക്ക് ചേക്കേറി. അവിടെ ലാ ലിഗ ക്ലബ്ബുകളായ യു.ഡി. അല്‍മേറിയ, സി.ഡി. ലെഗാനെസ് എന്നീ ടീമുകളുടെ യൂത്ത് ടീമുകളില്‍ കളിച്ചു. 2020-ല്‍ താരം ഇന്ത്യയിലേക്ക് തിരിച്ചെത്തി.
2020 ഐ.എസ്.എല്ലില്‍ എഫ്.സി. ഗോവയ്ക്ക് വേണ്ടി കളിച്ച താരം 11 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി. പകരക്കാരനായി വന്ന് മത്സരത്തിന്റെ അവസാനമിനിറ്റുകളില്‍ ഗോള്‍ നേടി ടീമിന് വിജയം സമ്മാനിക്കുന്നു എന്നതാണ് ഇഷാന്റെ പ്രത്യേകത.
ഗോവയില്‍ നിന്ന് ജംഷേദ്പുരിലേക്ക് ചേക്കേറിയ താരം രണ്ട് വര്‍ഷം ടീമിനൊപ്പം കളിച്ചു. 2022-ല്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഡ്യൂറന്‍ഡ് കപ്പില്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരള എഫ്‌സിയെ നേരിടും. ഓഗസ്റ്റ് 13 നാണ് മത്സരം.