മുംബൈ:സെലിബ്രറ്റികളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്.അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവരുടെ മേക്കപ്പ് അവർ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങൾ വാഹനങ്ങൾ എല്ലാത്തിന്റെയും വിശേഷങ്ങളറിഞ്ഞ് അത് സ്വപ്‌നം കാണാനും ഇഷ്ടമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ് ഒരു കോടീശ്വരപുത്രിയുടെ കിടിലൻ കാർ. കാറിന്റെ നിറവും പ്രത്യേകതകളും വിവരിച്ചുകൊണ്ട് റീലുകളും വൈറലായി. ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയഭട്ടിന്റെയും വസതിയിൽ നിന്ന് ഇറങ്ങുന്ന കാറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെ ഒന്നാം നമ്പർ കോടീശ്വരൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ കാറാണിത്. ബ്രിട്ടീഷ് അത്യാഡംബര കാർ ബ്രാൻഡായ ബെന്റ്‌ലി ബെന്റേഗ എസ്യുവിയിലായിരുന്നു ഇഷ അംബാനി സഞ്ചരിച്ചത്. ഏകദേശം നാല് കോടി രൂപ വിലമതിക്കുന്നതാണ് ഈ കാർ.
ഏറ്റവും വലിയ പ്രത്യേകത വെളിച്ചത്തിന് അനുസരിച്ച് കാറിന്റെ നിറം മാറിക്കൊണ്ടിരിക്കുമെന്നതാണ്.പ്രത്യേക പെയിന്റ് വർക്ക് ഒന്നും അല്ല ഈ കാറിങ്ങനെ നിറം മാറുന്നതിന് കാരണം. കാറിലെ സൈക്കഡെലിക് റാപ്പ് ആണ് കാഴ്ചക്കാർക്ക് ഇത്തരമൊരു തോന്നൽ ഉണ്ടാക്കുന്നത്. സൈക്കഡെലിക് റാപ്’ എന്നത് ‘വിനൈൽ ഫിലിം’ ആണ്. കാഴ്ചക്കാർ ഈ കാറിലേക്ക് നോക്കുന്ന ആംഗിളിനെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങൾ കാണാം. ഈ ‘സൈക്കഡെലിക് റാപ്’ പ്രകാശത്തെ ആശ്രയിച്ച് വ്യത്യസ്ത നിറങ്ങൾ പ്രതിഫലിപ്പിക്കും. ഇത് കാർ നിറം മാറുന്നത് പോലെ തോന്നിപ്പിക്കുന്നു.
വൈറൽ വീഡിയോയിലെ നിറം മാറുന്ന ബെന്റ്‌ലി ബെന്റയ്ഗയുടെ വില 4.84 കോടി രൂപയാണ്. സൂപ്പർ ലക്ഷ്വറി V8 വേരിയന്റിൽ മാത്രമാണ് വരുന്നത്. 4-സീറ്റർ ലേഔട്ടിലാണ് വരുന്ന കാറിൽ നാല് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാം. 549.5 bhp പവറും 770 Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ബെന്റ്‌ലി ബെന്റയ്ഗ സൂപ്പർ ലക്ഷ്വറി കാറിനുള്ളത്. എഞ്ചിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ചേർത്തിരിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനവും കാറിലുണ്ട്.
പവർ വിൻഡോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലോ ഫ്യുവൽ വാണിംഗ് ലൈറ്റ്, വാനിറ്റി മിറർ, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, ലെതർ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ സീറ്റ്, റിയർ ഫോൾഡിംഗ് ടേബിൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണിതിന്റെ എടുത്തുപറയാവുന്ന അനേകം പ്രത്യേകതകളിൽ ചിലത്.