ന്യൂഡല്‍ഹി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭര്‍ത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സം?ഗക്കുറ്റമായി കണക്കാകാനാകില്ല.
ഭര്‍ത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകളുമായും മറ്റ് തല്‍പര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാവൂ എന്നും അതിനായി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. ഈ നിര്‍ദ്ദേശം തള്ളിയാണ് ഹര്‍ജികളില്‍ കോടതി വാദം കേട്ടത്.
ഭാര്യയുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം നിലവില്‍രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാന്‍ നിലവില്‍ നിയമമില്ല. എന്നാല്‍, ഇപ്പോള്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുമ്പോള്‍, തന്റെ ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കാന്‍ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സര്‍വ്വേയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം, ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് രാജ്യത്തെ വലിയൊരു വിഭാഗം പുരുഷന്മാരും പറയുന്നു.
പ്രധാനമായും മൂന്ന് സന്ദര്‍ഭങ്ങളാണ് സെക്‌സ് നിഷേധിക്കാന്‍ കാരണമായി സൂചിപ്പിച്ചത്. ഒന്ന് ഭര്‍ത്താവിന് ലൈംഗികമായി പകരുന്ന രോഗമുണ്ടെങ്കില്‍, രണ്ടാമതായി അയാള്‍ മറ്റ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ അതുമല്ലെങ്കില്‍ ഭാര്യക്ക് ക്ഷീണം തോന്നുമ്പോഴോ, മൂഡിലാതിരിക്കുമ്പോഴോ ഒക്കെ ഭാര്യക്ക് തന്റെ ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കാമെന്ന് 80 ശതമാനം സ്ത്രീകളും, 66 ശതമാനം പുരുഷന്മാരും സമ്മതിക്കുന്നു. എന്നാല്‍ ഭര്‍ത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്ന് എട്ട് ശതമാനം സ്ത്രീകളും 10 ശതമാനം പുരുഷന്മാരും അവകാശപ്പെട്ടു. മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ഭര്‍ത്താവിന് സെക്‌സ് നിരസിക്കാന്‍ ഭാര്യക്ക് അവകാശമില്ലെന്ന് അവര്‍ പറഞ്ഞു.
15 -നും 49 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷരുമാണ് സര്‍വേയില്‍ പങ്കെടുത്തത്. 2015-16 ലെ സര്‍വേയുമായി തട്ടിച്ചു നോക്കുമ്പോള്‍ വിവാഹത്തില്‍ സെക്‌സ് നിഷേധിക്കാന്‍ ഭാര്യമാര്‍ക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരുടെ ശതമാനം ഇപ്രാവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളില്‍ 12 ശതമാനവും പുരുഷന്മാരില്‍ 3 ശതമാനവുമാണ് വര്‍ധനവുണ്ടായിട്ടുള്ളത്. ‘ഭര്‍ത്താക്കന്മാരുമായി സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മനോഭാവം’ എന്ന വിഭാഗത്തിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള അധ്യായത്തിലേതാണ് ഈ ചോദ്യം.
നിലവിലെ ഇന്ത്യന്‍ നിയമമനുസരിച്ച്, പതിനഞ്ച് വയസ്സിന് താഴെയല്ലാത്ത ഭാര്യയുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ല. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷനും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനും ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.
കാലം ഏറെ പുരോഗമിച്ചിട്ടും, ഭാര്യയെ തല്ലുന്നത് തെറ്റായി കാണാത്ത ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും രാജ്യത്തുണ്ട്. ഭര്‍ത്താവിന് ഭാര്യയെ തല്ലാമെന്ന് 44 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നതായി സര്‍വേ വെളിപ്പെടുത്തി. പ്രധാനമായും ഏഴ് സന്ദര്‍ഭങ്ങളിലാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നത് തെറ്റല്ലെന്ന ചിന്ത ആളുകള്‍ പ്രകടിപ്പിച്ചത്.
ഭാര്യ ഭര്‍ത്താവിനോട് പറയാതെ പുറത്തു പോയാല്‍, വീടിനെയോ കുട്ടികളെയോ അവഗണിച്ചാല്‍, ഭര്‍ത്താവിനോട് തര്‍ക്കിച്ചാല്‍, ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍, ഭക്ഷണം ശരിയായി പാകം ചെയ്യാതിരുന്നാല്‍, അവിശ്വസ്തയാണെന്ന് സംശയിച്ചാല്‍, അല്ലെങ്കില്‍ അവളുടെ അമ്മായിയമ്മയോട് അനാദരവ് കാണിച്ചാല്‍ എല്ലാം ഭര്‍ത്താവിന് ഭാര്യയെ മര്‍ദ്ദിക്കാമെന്ന് ഇതിനെ അനുകൂലിക്കുന്ന വിഭാഗം ആളുകള്‍ സര്‍വേയില്‍ പറഞ്ഞു.