ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദേശത്തിന് പുറമേ കേന്ദ്ര വ്യോമയാന മന്ത്രാലയവും വിമാനക്കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാഖിന്റേയും ഇറാന്റേയും വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു.
ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അമേരിക്കയും വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ വ്യോമ പാത എന്നിവിടങ്ങളിലൂടെയുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെയ്ക്കാനാണ് അമേരിക്കന്‍ എയര്‍ലൈനുകള്‍ക്ക് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയത്. സൈനിക നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദവും സിവില്‍ വ്യോമയാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു.ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്രകള്‍ സിംഗപ്പൂര്‍ ഏയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.