വാഷിങ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വാരാന്ത്യ യാത്ര ഒഴിവാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിങ്ടണിലേക്ക് മടങ്ങുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ രൂക്ഷമാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുന്നതിനായാണ് ബൈഡൻ്റെ മടക്കയാത്ര. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ബൈഡന്‍ രംഗത്തെത്തിയിരുന്നു.
‘മിഡില്‍ ഈസ്റ്റിലെ സംഭവങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ടീമുമായി കൂടിയാലോചിക്കുന്നതിനായി ബൈഡന്‍ ഇന്ന് ഉച്ചതിരിഞ്ഞ് വൈറ്റ് ഹൗസിലേക്ക് മടങ്ങുകയാണ്’, വൈറ്റ് ഹൗസ് അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ യുഎസ് കമാന്‍ഡര്‍ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷാ ഭീഷണികളെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി ഇസ്രായേലിലേക്ക് പോയതായി പെന്റഗണ്‍ വ്യാഴാഴ്ച അറിയിച്ചു.
ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഇറാന് ജോബൈഡന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇസ്രയേലിൻ്റെ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു. യുദ്ധത്തിനായി കൂടുതല്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനുള്ള നടപടി കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.
ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡമാസ്‌കസിലെ ഒരു ഇറാനിയന്‍ നയതന്ത്ര കെട്ടിടം ഇടിച്ചുനിരത്തുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് മുതിർന്ന റെവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തത്.