തിരുവനന്തപുരം: മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ നടത്തിയ ‘പ്രകടന’വുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥവീഴ്ചയില്‍ അന്വേഷണം. കഞ്ചാവ് കേസില്‍ പിടിയിലായ ഇയാള്‍, കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് എക്‌സൈസ് തലപ്പത്ത് വലിയ അതൃപ്തിക്ക് വഴിവെക്കുകയും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്താനാണ് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വിജിലന്‍സ് എസ്.പി. അന്വേഷണം ആരംഭിച്ചു. റേഞ്ച് ഓഫീസില്‍, ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍വെച്ച് ഇത്തരം സംഭാഷണം നടത്തുന്നതിന് സ്വാതന്ത്ര്യം നല്‍കിയതും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതും പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതുമാണ് എക്‌സൈസ് തലപ്പത്ത് അതൃപ്തിയുണ്ടാക്കിയത്.
വിഷയം സംബന്ധിച്ച് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കര്‍ശനനടപടിയുണ്ടാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രോത്സാഹിപ്പിച്ചതിനാണ് വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായത്.
കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചെറുപ്പക്കാർക്കിടയിൽ ഇത്തരം പ്രചാരണം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ പൊക്കുകയായിരുന്നു.
കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍ ഉദ്യോഗസ്ഥരോട് കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം വിവരിച്ച് എക്സൈസ് ഓഫീസിനുള്ളില്‍ പ്രകടനം നടത്തിയത്.
എക്സൈസ് ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും യുവാവ് പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നുമാണ് യുവാവിന്‍റെ വാദം. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേഹിയാണ്’- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു. എക്സൈസ് ഓഫീസിൽ നിന്നുള്ള വ്ലോഗറുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദമായതിന് പിന്നാലെയാണ് അന്വേഷണം.