തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ന്യായാധിപന്‍ എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്തു. അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനു വേണ്ടി സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ട്. കൊലപാതക കേസ് അട്ടിമറിക്കാനാണ് സിറിയക് ജോസഫ് ശ്രമിച്ചത്. ന്യായാധിപന്‍ എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്-അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കേ, കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ ബെംഗലൂരുവിലെ ലാബില്‍ എത്തി സിറിയക് ജോസഫ് കണ്ടു എന്ന ആരോപണം ജലീല്‍ വീണ്ടും ഉന്നയിച്ചു.’അതല്ലെങ്കില്‍ അദ്ദേഹത്തിന് എതിരായി മൊഴി നല്‍കിയ ലാബ് അസിസ്റ്റന്റ് ഡോ. എസ് മാലിനിക്ക് എതിരായും അത് രേഖപ്പെടുത്തി റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ച സിബിഐയുടെ അന്നത്തെ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ക്ക് എതിരായും അത് ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരായും ഈ സ്റ്റേറ്റ്മെന്റുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സംസാരിക്കുന്ന എനിക്കെതിരായും നടപടിക്ക് അദ്ദേഹം തയ്യാറാകണം’- ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ രണ്ടില്‍ ഏതെങ്കിലും ഒന്ന് ചെയ്യാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. വളരെ ഗുരുതരമായിട്ടുള്ള വിഷയമാണ് അഭയ കേസിന്റെ വിധിക്ക് ശേഷം പുറത്തുവരുന്നത്. 91-ാം സാക്ഷിയായിട്ടുള്ള ഡോ. മാലിനിയെ സിബിഐ കോടതി വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫാ. കോട്ടൂര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതില്‍ സിറിയക് ജോസഫ് കഴിഞ്ഞ 13 വര്‍ഷമായി ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. മൗനം കൊണ്ട് ഓട്ടയടക്കാം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്.
അഭയ കേസിലെ ഒന്നാം പ്രതിക്ക് താനുമായി കുടുംബ ബന്ധമുണ്ടോയെന്ന് സിറിയക് ജോസഫ് വ്യക്തമാക്കണം. പ്രതികളുടെ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നോയെന്ന് വ്യക്തമാക്കണം.’- ജലീല്‍ പറഞ്ഞു.’തനിക്കെതിരായ വിധി താന്‍ അംഗീകരിച്ചിട്ടുണ്ട്. അത് അടഞ്ഞ അധ്യായമാണ്. ഒരാളെ നിയമിക്കുമ്പോള്‍ ചൂഴ്ന്നു നോക്കാന്‍ പറ്റില്ല. സിറിയക് ജോസഫിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് ഇപ്പോഴാണ്.’ എന്തുകൊണ്ട് വിഷയം നേരത്തെ ഉന്നയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി ജലില്‍ പറഞ്ഞു. താന്‍ സ്വതന്ത്ര എംഎല്‍എയാണ്. ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് പറയാനുള്ള അവകാശമുണ്ട്. അത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് സിപിഎം നിലപാടിനെ കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ലോകായുക്തയ്ക്കെതിരായി സര്‍ക്കര്‍ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം അഴിഞ്ഞുവീണതാണ് നിയമസഭയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ തന്നെ പറയുമ്പോള്‍ സഭ പാസാക്കിയ നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി.
നിയമസഭയിലോ മന്ത്രിസഭയിലോ മുന്നണിക്കകത്തോ കൃത്യമായി ചര്‍ച്ചകള്‍ നടത്താതെ പരമ രഹസ്യമായാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ലോകായുക്ത നിയമഭേദഗതി നിലവില്‍ വന്നതോടെ അഴിമതി നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ നിയമത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ല്‍ മുഖ്യമന്ത്രി പോലും അഭിമാനത്തോടെയാണ് ലോകായുക്തയെക്കുറിച്ച് പറഞ്ഞിരുന്നത്. പിന്നീട് അദ്ദേഹത്തിനെതിരായി കേസുകള്‍ വന്നപ്പോള്‍ ലോകായുക്തയ്ക്കെതിരെ ഓര്‍ഡിനന്‍സ് തയാറാക്കി അത്യാവശമായി നിയമസഭ കൂടുന്നതിന്റെ തലേന്ന് ഗവര്‍ണറെക്കൊണ്ട് ഒപ്പുവെപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന വാദങ്ങള്‍ സഭയില്‍ തകര്‍ന്നുപോയി. നിയമസഭ പാസാക്കിയ ഒരു നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ്. ഇത് വിശദമായി പരിശോധിച്ചാണ് കോടതികള്‍ നിയമവിരുദ്ധമെന്ന് പറയേണ്ടത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്. നിയമനിര്‍മാണ സഭ പാസാക്കിയ നിയമങ്ങള്‍ അനുസരിക്കേണ്ട എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ രഹസ്യമായായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സഭനിര്‍ത്തിവച്ച് ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി.
പ്രതിപക്ഷത്ത് തര്‍ക്കമുള്ളതിനാലാണ് വിഷയത്തില്‍ നോട്ടിസ് നല്‍കിയതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചുള്ള മറുപടി പ്രസംഗത്തില്‍ നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്തയുമായി ബന്ധപ്പെട്ട് 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സ് നിയസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റായ കീഴ്വഴക്കും സൃഷ്ടിക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് ഭയമോ മടിയോ ഇല്ലായെന്നും രാജീവ് പറഞ്ഞു.