മുംബൈ: 2028 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമായി ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എക്‌സിക്യൂട്ടീവ്.
ക്രിക്കറ്റ്, ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ് ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നീ ഇനങ്ങള്‍ 2028 ഒളിമ്പിക്സിന്റെ ഭാഗമാക്കണമെന്ന ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാര്‍ശ ഐഒസി അധികൃതര്‍ അംഗീകരിച്ചതായി പ്രസിഡന്റ് തോമസ് ബാച്ച് വെള്ളിയാഴ്ച അറിയിച്ചു. മുംബൈയില്‍ നടന്ന ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന്റെ രണ്ടാം ദിവസം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷമേ ഏതൊക്കെ കായിക ഇനങ്ങള്‍ ഗെയിംസിന്റെ ഭാഗമാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
നേരത്തേ ഒളിമ്പിക് പ്രോഗ്രാം കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ പുതുതായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി, കമ്മീഷന് സമര്‍പ്പിച്ചിരുന്നു.