കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി രണ്ടായിരത്തിലേറെ അതിഥി തൊഴിലാളികള്‍ ചങ്ങനാശേരി പായിപ്പാട്ട് പ്രതിഷേധവുമായി നിരത്തിലിറങ്ങിയതിനു പിന്നാലെ കൊച്ചിയിലും നിരീക്ഷണം ശക്തമാക്കി. അതിഥി തൊഴിലാളികള്‍ ഏറെയുള്ള ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും തൊഴില്‍ ദാതാക്കള്ക്കെതിരെയുമാകും ആദ്യം നടപടിയെടുക്കുകയെന്ന് മന്ത്രി അറിയിച്ചു. കോവിഡ് കാലം കഴിഞ്ഞാല്‍ അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്ക് എത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും തൊഴിലാളികള്‍ സംതൃപ്തരാണെന്നും മന്ത്രി അറിയിച്ചു. എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
പല സംസ്ഥാനങ്ങളില്‍ നിന്നു ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം തൊഴിലാളികളെക്കുറിച്ച് അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും സംസ്ഥാനം തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ ആ സംസ്ഥാനങ്ങളെല്ലാം സംതൃപ്തരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക അടിയന്തരമായി തയാറാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.