24.5 C
Kottayam
Sunday, May 19, 2024

വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്‍റെ ഊ‍ർജിതശ്രമം; സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല

Must read

ദില്ലി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിച്ചു. നിലവിൽ പ്രതിസന്ധി ഇല്ലെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതൽ റാക്കുകൾ സജ്ജജമാക്കി കൽക്കരി ട്രെയിനുകൾ ഓടിക്കാനാണ് ഈ നടപടി.

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വൈദ്യുതി നിയന്തണം ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബി നടപടി തുടങ്ങിയ സാഹചര്യത്തിലാണിത്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട്  അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി തുടങ്ങി. മെയ് 3 ന് നിലവിലെ വിലയിരുത്തലനുസരിച്ച് 400 മെഗാവാട്ട് കുറവുണ്ടായേക്കും. അതിനാല്‍ അന്ന് വൈദ്യുതി നിയന്ത്രമുണ്ടാകും. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ കെ എസ് ഇ ബിയെ വിമര്‍ശിച്ച് ഇന്നലെ രംഗത്തെത്തിയ മുന്‍ മന്ത്രി എം എം മണി പ്രസ്താവനയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് രംഗത്തെത്തി. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തിയതെന്നായിരുന്നു ആദ്യ വിമര്‍ശനം. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുതപ്രതിസന്ധിയുടെ ഭാഗമെന്ന് പിന്നീട് എം എം മണി വിശദീകരിച്ചു.

ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് പ്രസ്താവന തിരുത്തിയ എം എം മണി, കെ എസ് ഇ ബിയിലെ പ്രശ്നത്തെ കുറിച്ചുള്ള പ്രസ്താവനയും മയപ്പെടുത്തി. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ മാനേജ്മെന്റിനാവണം. താൻ മന്ത്രിയായിരിക്കുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയി. ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെ എസ് ഇ ബി ചെയർമാൻ ബി അശോക് ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്  മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് വ്യക്തമാക്കി. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി ചെയർമാൻ അഭ്യര്‍ത്ഥിച്ചു. നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week