മുംബൈ:ഇൻസ്റ്റാഗ്രം അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ഏറ്റവുമധികം പഴികേൾക്കുന്നത് മാധ്യമത്തിൻ്റെ ദുരുപയോഗമെന്ന വിഷയത്തിലാണ്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള വംശീയ അതിക്രമങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും നിയന്ത്രിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതായി ഇന്‍സ്റ്റാഗ്രാം ബുധനാഴ്ച അറിയിച്ചു. യൂറോ കപ്പ് 2020 ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലീഷ് സംഘത്തിലെ ചില കളിക്കാരെ ലക്ഷ്യം വെച്ച് നടന്ന വംശീയ പ്രചരണത്തെ തുടര്‍ന്നാണ് പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ഇന്‍സ്റ്റാഗ്രാം ഈ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആളുകളെ വംശീയമായി ഉന്നം വെച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് ഇനി മുതല്‍ നല്‍കുമെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അറിയിച്ചു. അതുകൂടാതെ ഉപയോക്താക്കള്‍ക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ ‘ഹിഡണ്‍ വേര്‍ഡ്സ്’ എന്ന സൗകര്യവും അവതരിപ്പിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലുള്ള പോസ്റ്റുകളില്‍ കമന്റുകളും മെസേജ് റിക്വസ്റ്റുകളും നിയന്ത്രിക്കാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും ഇന്‍സ്റ്റാഗ്രാം അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന യൂറോ കപ്പ് 2020 ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ടീം ഇംഗ്ലണ്ട് തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ കറുത്ത വര്‍ഗക്കാരായ ഇംഗ്ലീഷ് കളിക്കാര്‍ക്കെതിരെ ചില വംശീയവാദികള്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റാഗ്രാം ഈ നീക്കവുമായി രംഗത്ത് വരുന്നത്. ബ്രിട്ടണിലെ തന്നെ രാഷ്ട്രീയ നേതൃത്വവും ആഗോള സമൂഹവും അപലപിച്ച ആ വംശീയ ആക്രമണത്തെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ മുതലായ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകളിലും ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന സമ്മര്‍ദ്ദം ശക്തമായിരുന്നു.
വംശീയവും ലൈംഗിക വിവേചനപരവും സ്വവര്‍ഗാനുരാഗികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങളുടെ പ്രചരണത്തിന് തടയിടാന്‍ വേണ്ടിയാണ് ഈ പുതിയ സൗകര്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മോസറി അറിയിച്ചു.
‘പൊതുസ്വീകാര്യതയുള്ള വ്യക്തികള്‍ക്ക് നേരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള കമന്റുകള്‍ അവരെ ഫോളോ ചെയ്യാത്തവരും അടുത്തിടെ മാത്രം ഫോളോ ചെയ്യാന്‍ തുടങ്ങിയവരുമായ ആളുകളില്‍ നിന്ന് ധാരാളമായി ഉണ്ടാകുന്നതായി ഞങ്ങളുടെ ഗവേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. യൂറോ കപ്പ് 2020 ഫൈനലിന് ശേഷവും ഇതേ പ്രവണത ഞങ്ങള്‍ കണ്ടു’, മൊസെറി പറഞ്ഞു.
തങ്ങളുടെ പോസ്റ്റുകളില്‍ കമന്റുകളും സന്ദേശങ്ങളും വരുന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ പുതിയ നയം പ്രകാരം ഏറെക്കാലമായി നിങ്ങളുടെ ഫോളോവേഴ്‌സ് ആയിരിക്കുന്നവരുടെ കമന്റുകള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും. എന്നാല്‍, നിങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ നിയന്ത്രിക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കും’, അദ്ദേഹം പറഞ്ഞു.
അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ ആരെങ്കിലും രേഖപ്പെടുത്താന്‍ തുനിഞ്ഞാല്‍ അവര്‍ക്ക് ആ സമയത്ത് തന്നെ ശക്തമായ മുന്നറിയിപ്പും താക്കീതും നല്‍കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.