കീടനാശിനി പ്രയോഗം; വയനാട്ടില്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആറു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
വയനാട്: വയനാട് പൊഴുതന അച്ചൂരില്‍ തോട്ടത്തിലെ കീടനാശിനി പ്രയോഗത്തില്‍ ക്ലാസിലിരുന്ന ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടത്തില്‍ നിരോധിത കീടനാശിനിയാണ് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇന്ന് രാവിലെ ക്ലാസുകള്‍ ആരംഭിച്ചത് തൊട്ടുപിന്നാലെയാണ് സംഭവം. അച്ചൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ തോട്ടത്തോട് ചേര്‍ന്നുളള ക്ലാസ് മുറികളിലുള്ള കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ കുട്ടികളെ പൊഴുതന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
നിരോധിത കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നേരത്തെ പല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. സംഭവമറിഞ്ഞ് വൈത്തിരി പോലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.