കൊച്ചി: ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നസെൻ്റിൻ്റെ സംസ്കാരം നാളെ നടക്കുമെന്ന് മന്ത്രി പി. രാജീവ് വിയോഗ വാർത്ത അറിയിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 8:00 മുതൽ 11:00 മണി വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്
സൗകര്യമൊരുക്കും.തുടർന്ന് 11 മണിയോടെ ഇന്നസെൻറ് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.
3 മണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും.തുടർന്ന് 5.30 PM ഓടെ ഇരിങ്ങാലക്കുട സെൻ്റ്. തോമസ് കത്തീഡ്രലിലായിക്കും
അന്ത്യ വിശ്രമം ഒരുക്കുക.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റിൽഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികൾ. അതിനിടെ നാടകങ്ങളിൽ അഭിനയിച്ചു. ആർഎസ്പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
1972 ൽ, എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി തുടങ്ങി. ഇളക്കങ്ങൾ, വിടപറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ, ഓർമയ്ക്കായി എന്നീ ചിത്രങ്ങൾ നിർമിച്ചു. വിടപറയും മുമ്പേ, ഓർമയ്ക്കായി എന്നിവ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി.
മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിൽ ഇന്നസന്റ് അഭിനയിച്ചിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരമായി അദ്ദേഹം. ഗോഡ്ഫാദർ, വിയറ്റ്‍നാം കോളനി, കാബൂളിവാലാ, മാന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, ചന്ദ്രലേഖ, പൊൻമുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ.പശുപതി, പിൻഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ചാലക്കുടിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് കാൻസർ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേർക്കു പ്രചോദനമായിരുന്നു. ചിരിക്കു പിന്നിൽ (ആത്മകഥ), മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, കാൻസർ വാർഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.