KeralaNews

ഇന്ദ്രന്‍സ് പത്താംക്ലാസില്‍;പുതിയ തുടക്കമെന്ന് താരം

തിരുവനന്തപുരം: സിനിമയുടെ അണിയറയില്‍ തുടങ്ങി പിന്നീട് ഹാസ്യ നടനും ഇപ്പോള്‍ ശക്തമായ വേഷങ്ങളിലൂടെ സംസ്ഥാന ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ താരമാണ് ഇന്ദ്രന്‍സ്. മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ജീവിതത്തില്‍ മറ്റൊരു സുപ്രധാന തീരുമാനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ജീവിത പ്രാരാബ്ദങ്ങളാല്‍ ഒരുകാലത്ത് സാധിക്കാതെ പോയ കാര്യം നേടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ദ്രന്‍സ്.

പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു. ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഇത്തരം ഒരു ശ്രമം എന്നാണ് ഇന്ദ്രന്‍സ് പുതിയ ദൌത്യത്തെക്കുറിച്ച് പറയുന്നത്. 

സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്ന് ഇന്ദ്രന്‍സ് മുന്‍പും പറഞ്ഞിട്ടുണ്ട്. 

2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം  സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button