ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇടംനേടി ഇൻഡിഗോ. രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ പട്ടികയിൽ 103-ാം സ്ഥാനത്താണ്. എയർഹെൽപ് ഇൻകോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോർട്ട് പൂർണമായും തള്ളിയിരിക്കുകയാണ് ഇൻഡിഗോ. എയർലൈൻ സർവേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.
എയർലൈനുകളുടെ സമയനിഷ്ഠ, ഉപഭോക്തൃ സേവനം, റീഫണ്ട്, നഷ്ടപരിഹാരം തുടങ്ങിയ ഇടപാടുകളിലെ വേഗതയും കൃത്യതയും തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എയർഹെൽപ്പ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
എയർഹെൽപ്പ് നടത്തിയ സർവേയിൽ വിശ്വാസ്യത ഇല്ലെന്നും , ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എല്ലാ മാസവും രാജ്യത്തെ എയർലൈനുകളുടെ സമയനിഷ്ഠയെയും ഉപഭോക്തൃ പരാതികളെയും കുറിച്ചുള്ള ഡാറ്റ പുറത്തുവിടുന്നുണ്ടെന്നും ഇൻഡിഗോ അഭിപ്രായപ്പെട്ടു. ഇതിൽ കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളിൽ ഇൻഡിഗോ സ്ഥിരമായി ഉയർന്ന സ്കോർ ചെയ്യുന്നു എന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക്, കൃത്യസമയത്ത് തടസ്സരഹിതമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.
രാജ്യത്തെ ആഭ്യന്തര വിമാനസർവ്വീസുകളുടെ 60-ശതമാനവും കൈകാര്യം ചെയ്യുന്നത് ഇൻഡിഗോയാണ്. 2023-ൽ മാത്രം ഇൻഡിഗോ 100 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഡാറ്റ ഇൻഡിഗോയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. 10,000 യാത്രക്കാരിൽ 0.2 പരാതികൾ മാത്രമാണ് ഇൻഡിഗോയ്ക്ക് എതിരെ വന്നിട്ടുള്ളത് എന്ന് ഒക്ടോബറിലെ എയർ ട്രാഫിക് റിപ്പോർട്ട് വ്യ്കതമാക്കുന്നു.