ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്‍നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.
സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 160 കിലോയും ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തു. സ്‌നാച്ചില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ താരത്തിന് കഴിഞ്ഞു. വെറും 19 വയസ്സ് മാത്രമാണ് ജെറെമിയുടെ പ്രായം എന്നത് താരത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 154 കിലോ ഉയര്‍ത്തിയ താരം രണ്ടാം ശ്രമം 160 കിലോ ആയി ഉയര്‍ത്തി. ഇതോടെ ജെറെമി സ്വര്‍ണം ഉറപ്പിച്ചു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ താരത്തിന് പരിക്കേറ്റു. 165 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.
മിസോറാമിലെ ഐസ്വാള്‍ സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി കരുത്തുതെളിയിച്ചിരുന്നു. പിന്നാലെ 2021-ല്‍ താഷ്‌ക്കന്റില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി.