ന്യൂഡൽഹി:യുക്രൈന്‍ ( Ukraine)-റഷ്യ (Russia) സംഘര്‍ഷ (Russia-Ukraine conflict) സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് വീണ്ടും വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്. പ്രത്യേക വിമാന സർവ്വീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി,
വിദ്യാർത്ഥികളടക്കം മടങ്ങാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യക്കും യുക്രൈനുമിടയില്‍ എയര്‍ ഇന്ത്യ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22, 24, 26 തീയതികളിലാകും സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്‍റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വ്വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.
യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്നാണ് ഇന്ത്യൻ നിലപാട്. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
അതേ സമയം റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് 70 പ്രാവശ്യം വെടിയുതിർത്തുവെന്നാണ് യുക്രൈയിന്‍ സൈന്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
യുക്രൈയിന്‍ സാമജികരും, വിദേശ മാധ്യമ പ്രതിനിധികളും കിഴക്കന്‍ യുക്രൈയിനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇവര്‍ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. അതേ സമയം യുക്രൈയിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ടെലഗ്രാം വഴി അറിയിച്ചിട്ടുണ്ട്.
ദില്ലിയിലും കീവിലും കൺട്രോൾ റൂമുകൾ
കൺട്രോൾ റൂം – ദില്ലി
0091-11-23012113
0091-11-23014104
0091-11-23017905
ഫാക്സ്
0091-11-23088124
ഇമെയിൽ
[email protected]
കൺട്രോൾ റൂം – കീവ്
00380 997300428