ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ജൗറി ജില്ലയിൽ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. വ്യാഴാഴ്ച രാത്രി സുന്ദര്‍ബനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവെയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാന്‍ കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ ഫ്രണ്ട് സെക്ടറിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് പാക് സേന വെടിവയ്പ്പ് നടത്തിയതെന്നും അക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലും പാകിസ്താന്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ പന്ത്രണ്ടോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വീടുകൾക്ക് ഉള്ളിലേക്ക് വരെ ബുള്ളറ്റുകൾ എത്തിയെന്നും സൈനിക വക്താവ് പറഞ്ഞു.
രജൗറിയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.