കോണക്രി: ഇക്വിറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള കപ്പൽ ജീവനക്കാരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റി. വിജിത്ത് ഉള്‍പ്പടെയുള്ള 15 പേരെയാണ് മാറ്റിയത്. നൈജീരിയൻ കപ്പൽ ഇന്നലെ രാത്രിയാണ് ലൂബ തുറമുഖത്ത് എത്തിയത്. രാവിലെ 6 മണിക്കുളിൽ ചരക്ക് കപ്പലിനെ നീക്കാൻ ഇക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് റ്റെഡി ൻഗേമ ഉത്തരവിട്ടിരുന്നു. പതിനഞ്ച് അംഗ സംഘത്തിൽ മലയാളിയായ വിജിത്ത്, മിൽട്ടൻ എന്നിവർ ഉൾപ്പെടെ 9 ഇന്ത്യക്കാരാണ് ഉള്ളത്.
കപ്പൽ ജീവനക്കാരെ തടവിലാക്കിയതിൽ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ കപ്പൽ കമ്പനി ഹീറോയിക് ഇന്‍ഡുന്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ അടക്കം സമീപിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ കേസില്‍ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഇഡുൻ കപ്പലിന്റെ കമ്പനി സമീപിച്ചത്.
നിയമവിരുദ്ധമായി ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും നേരത്തെ കമ്പനി സമീപിച്ചിരുന്നു.