വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയില്ല; പമ്പുകള്‍ പിടിച്ചെടുത്ത് സൈന്യം
കല്‍പ്പറ്റ: മഴക്കെടുതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന് കേരളത്തിലാണ്. മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാന്‍ പമ്പുടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്തു.
കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്. മൈലേജ് വളരെ കുറവായ ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ആവശ്യമാണ്. അതിനാല്‍ തന്നെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പെട്രോള്‍ പമ്പുകളിലാണ് ഇന്ധനത്തിനായി സൈന്യം സമീപിച്ചത്.
എന്നാല്‍ പണം ലഭിക്കും എന്ന കാര്യത്തില്‍ ഗ്യാരണ്ടി ഇല്ലന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ വസമ്മിതിച്ചു. രണ്ട് തവണ ഇന്ധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചുവെങ്കിലും പമ്പുടമകള്‍ തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരിന്നു. തുടര്‍ന്ന് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് വാഹനങ്ങളില്‍ എല്ലാം ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷമാണ് സൈന്യം മടങ്ങിയത്.