27.8 C
Kottayam
Friday, May 24, 2024

നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുന്നു; ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്ന് കരസേനാ മേധാവി

Must read

ന്യൂഡല്‍ഹി: ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുകയാണെന്ന് കരസേന മേധാവി ജനറല്‍ എം.എം. നരവനെ. സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ലേയിലെത്തിയ ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. നമ്മുടെ ജവാന്‍മാര്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണ്. നമ്മുടെ സൈനികരാണ് മികച്ചതെന്ന് സംശയമില്ലാതെ പറയാന്‍ കഴിയും. അവര്‍ സൈന്യത്തിനു മാത്രമല്ല, രാജ്യത്തിനു മുഴുവനും അഭിമാനമാണെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണ രേഖയിലെ സ്ഥിതി അയവില്ലാതെ തുടരുകയാണ്. തങ്ങള്‍ സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു. മുന്‍കരുതലായി സേനാവിന്യാസം പോലുള്ള നടപടികള്‍ സ്വീകരിച്ചതായും കരസേന മേധാവി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ടു ദിവസം കരസേനാ മേധാവി ലഡാക്കില്‍ ഉണ്ടാകുമെന്നാണ് വിവരം. സംഘര്‍ഷം രൂക്ഷമായ ദക്ഷിണ പാങ്ങോംഗില്‍ ഇന്ത്യ- ചൈന സേനകള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതിര്‍ത്തിയില്‍ പലയിടത്തും ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യം പലയിടത്തും ബേസില്‍ നിന്നും മലമുകളിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ വേണ്ടിയാണിത്. ലഡാക്കിലെ പാങ്ങോംഗ് മേഖലയിലെ നോര്‍ത്ത് ഫിംഗര്‍ നാല് ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.

ജൂണ്‍ മാസത്തിനുശേഷം ഇതാദ്യമായാണ് ഈ പ്രദേശം ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുന്നത്. അതിനിടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈ നീസ് അധികൃതരുമായി സൈനിക തലത്തിലും നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week