ന്യൂഡല്‍ഹി:യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴില്‍ ഇന്ത്യക്കാര്‍ക്കായി 2,400 വിസ അപേക്ഷകള്‍ ക്ഷണിച്ച് ബ്രിട്ടണ്‍. പദ്ധതി പ്രകാരം 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും കഴിയും.
ഇന്ത്യയിലെ മിടുക്കരായ യുവാക്കള്‍ക്ക് യുകെയില്‍ ഏറ്റവും മികച്ച അനുഭവങ്ങള്‍ പഠിക്കാനുള്ള അവസരമാണിതെന്ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷന്‍ പറഞ്ഞു. ആദ്യ ബാലറ്റിന് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് സമയം. ജൂലൈ മുതല്‍ അടുത്ത ഘട്ടത്തിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
യോഗ്യതകള്‍:
വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കണം.
18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായിരിക്കണം.
ഡിഗ്രി തലത്തിലോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
2530 പൗണ്ട് അക്കൗണ്ടില്‍ (രണ്ട് ലക്ഷത്തി അന്‍പതിനായിരത്തോളം രൂപ) കരുതണം.
18 വയസില്‍ കുറവുള്ള ആളുകളെ (കുട്ടികളുണ്ടെങ്കില്‍) ഒപ്പം കൊണ്ടുവരരുത്.
മേല്‍പ്പറഞ്ഞ യോഗ്യതകളുണ്ടെങ്കില്‍ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റിലാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടാല്‍, വിസയ്ക്ക് അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും. ശേഷം ആവശ്യമായി രേഖകള്‍ തയ്യാറാക്കുക. വിസയ്ക്കുള്ള ക്ഷണം ലഭിച്ച് 30 ദിവസത്തിന് ശേഷമാണ് അപേക്ഷിക്കേണ്ടത്.
വിസയ്ക്ക് അപേക്ഷിച്ച് ആറുമാസത്തിനുള്ളില്‍ യുകെയിലേക്ക് പോകണം. ഉദാഹരണത്തിന് നിങ്ങള്‍ 2023 മാര്‍ച്ച് 16ന് അപേക്ഷിച്ചാല്‍, 2023 സെപ്റ്റംബര്‍ 15നകം യുകെയില്‍ എത്തണം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.
24 മാസം വരെ യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും ഇതിലൂടെ സാധിക്കും. വിസ അസാധുവാകാത്ത സമയം വരെ എപ്പോള്‍ വേണമെങ്കിലും യുകെയ്ക്ക് പുറത്ത് പോയി വരാം. അതേസമയം വിസ ഇഷ്യൂ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് 31 വയസ്സ് തികയുകയാണെങ്കില്‍ വിസ സാധുതയുള്ളിടത്തോളം കാലം യുകെയില്‍ തുടരാം.വിസാ കാലാവധി നീട്ടാനോ യുകെയിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാനോ കുടുംബാംഗങ്ങളെ കൊണ്ടുപോകാനോ ഈ സ്‌കീമില്‍ കഴിയില്ല.