CricketNationalNewsSports

ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തല്ലുമാല,ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം

ഇന്‍ഡോര്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. റിലീ റൂസോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെ ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് 227 നഷ്ടത്തില്‍ റണ്‍സെടുത്തു.

48 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂസോ പുറത്താകാതെ നിന്നപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ ഫിനിഷിംഗ് ഗംഭീരമാക്കി. ഇന്ത്യക്കായി ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു.

ഇന്‍ഡോറിലെ ബാറ്റിംഗ് പറുദീസയില്‍ പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കക്ക് ആശിച്ച തുടക്കം ലഭിച്ചില്ല. ക്യാപ്റ്റന്‍ ബാവുമ ഫോമിലാവാതെ തപ്പിത്തടഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ 30 റണ്‍സ് മാത്രമെ നേടാനായുള്ളു. തകര്‍ത്തടിച്ച ഡി കോക്കാണ് ദക്ഷിണാഫ്രിക്കക്കായി സ്കോറിംഗ് ഏറ്റെടുത്തത്. അഞ്ചാം ഓവറില്‍ ഉമേഷിന്‍റെ ഓവറില്‍ ബാവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിലീ റോസോ ആണ് ദക്ഷിണാഫ്രിക്കക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.

അശ്വിന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സടിച്ച് ഇരുവരും ദക്ഷിണാഫ്രിക്കയെ 48 റണ്‍സിലെത്തിച്ചു. ഏഴാം ഓവറില്‍ സിറാജിനെ സിക്സും ഫോറും അടിച്ച് 13 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക ടോപ് ഗിയറയിലായെന്ന് കരുതിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ എട്ടാം ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിരുന്ന ദക്ഷിണാഫ്രിക്കയെ പിന്നീട് റൂസോ ഒറ്റക്ക് ചുമലിലേറ്റി. പന്ത്രണ്ടാം ഓവറില്‍ ഡി കോക്ക് മടങ്ങിയശേഷം സ്കോറിംഗ് ചുമതല ഒറ്റക്ക് ഏറ്റെടുത്ത റൂസോ ബൗളര്‍മാരെ ഗ്രൗണ്ടിന് നാലുപാടും പറത്തി. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക അവസാന അഞ്ചോവറില്‍ മാത്രം 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ക്രിക്കറ്റില്‍ റൂസോയുടെ ആദ്യ സെഞ്ചുറിയാണിത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച വിരാട് കോലിയും കെ എല്‍ രാഹുലും നേരിയ പരിക്കുള്ള അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ആന്‍റിച്ച് നോര്‍ക്യക്ക് പകരം ഡ്വയിന്‍ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച  ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button